70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവഅധ്യാപകന് ശിക്ഷ

നിരവധി പ്രാവശ്യം പീഡിപ്പിച്ചത് കൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു
70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവഅധ്യാപകന് ശിക്ഷ
Published on

പെരുമ്പാവൂരിൽ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീ(27) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ദിനേശ് എം.പിള്ള ശിക്ഷ വിധിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

മദ്രസയുടെ ടെറസിൻ്റെ മുകളിലും നിസ്‌കാരമുറിയിലും വച്ചായിരുന്നു പീഡനം നേരിട്ടതെന്ന് പെൺകുട്ടി പറയുന്നു. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപിക കുട്ടിയോട് കാര്യങ്ങൾ ചോദിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പൊലീസ് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.

നിരവധി പ്രാവശ്യം പീഡിപ്പിച്ചത് കൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. സി.ഐ ആയിരുന്ന കേഴ്സൺ വി. മാർക്കോസ്, എസ്ഐമാരായ സി. എ. ഇബ്രാഹിംകുട്ടി, പി എ സുബൈർ, എഎസ്ഐ ഇ. എസ്. ബിന്ദു, സീനിയർ സിപിഒ എ. ആർ. ജയൻ, സിപിഒ ഇൻഷാദ പരീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

2022 ഫെബ്രുവരി 24 ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. 5വകുപ്പുകളിലായാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് വകുപ്പുകളിൽ 20 വർഷം വീതവും 2 വകുപ്പുകളിൽ അഞ്ചുവർഷം വീതവുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ .സിന്ധു ഹാജരായി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com