'സർക്കാരിനു മുന്‍പേ കോടതി ഫീസുകൾ വർധിപ്പിച്ച് മജിസ്ട്രേറ്റുമാർ'; അഭിഭാഷകന്‍റെ പരാതിയില്‍ നടപടിക്കൊരുങ്ങി ഹൈക്കോടതി

2025-26 സാമ്പത്തിക വർഷത്തിൽ കോടതി ഫീസുകൾ വർധിപ്പിക്കുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്
തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
Published on

സംസ്ഥാന സർക്കാർ കോടതി ഫീസുകൾ വർധിപ്പിക്കുന്നതിന് മുൻപേ മജിസ്‌ട്രേറ്റുമാർ സ്വന്തം നിലയ്ക്ക് കോടതി ഫീസ് വർധിപ്പിച്ച് ഈടാക്കിയതായി പരാതി. അധിക നിരക്ക് ഈടാക്കിയ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയും അതിൽ അന്വേഷണം നടത്തിയ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെയുമാണ് പരാതി. അഭിഭാഷകൻ അജിത് കൊടകരയുടെ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയ ഹൈക്കോടതി നടപടിക്കൊരുങ്ങുകയാണ്.

2025-26 സാമ്പത്തിക വർഷത്തിൽ കോടതി ഫീസുകൾ വർധിപ്പിക്കുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കും മുന്നെയാണ് അധികാര പരിധികൾ മറികടന്ന് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി സ്വന്തം നിലയിൽ ഫീസ് വർധിപ്പിച്ചത്. 2024 ഏപ്രിൽ ഒന്ന് മുതൽ 30 വരെ കോടതിയിൽ ഫീസ് നിരക്ക് വർധിപ്പിച്ചെന്ന് കാട്ടി നോട്ടീസ് പതിപ്പിച്ചിരുന്നു.  ഇക്കാലയളവിൽ കോടതിക്ക് മുൻപിൽ എത്തിയ 20 ഹർജിക്കാരിൽ നിന്നും 10 രൂപ കോർട്ട് ഫീസ് സ്റ്റാമ്പിന് പകരം 50 രൂപ വീതം ഈടാക്കിയതായും പരാതിക്കാരനായ അഭിഭാഷകൻ അജിത് കൊടകര ആരോപിക്കുന്നു. സർക്കാർ ഉത്തരവുകളില്ലാതെ ഫീസ് നിരക്ക് വർധിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും മജിസ്ട്രേറ്റ് അലീഷ മാത്യൂ പിഴവ് തിരുത്താൻ തയ്യാറായില്ലെന്നാണ് അഡ്വ. അജിത് കൊടകര പറയുന്നത്.

ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ തെറ്റായ നടപടിക്കെതിരെ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് അജിത്ത് പരാതി നൽകി. എന്നാൽ അന്വേഷണം നടത്തിയ സിജെഎം രമ്യ മേനോൻ, കീഴ് കോടതിയെ സഹായിക്കും വിധം അനുകൂല റിപ്പോർട്ടാണ് തയ്യാറാക്കിയത്. സിജെഎം പരാതി അവസാനിപ്പിക്കാൻ ശ്രമിച്ചതോടെ ഇരിങ്ങാലക്കുട കോടതിയിൽ പതിപ്പിച്ച തെറ്റായ നോട്ടീസ് കോടതി ഉദ്യോഗസ്ഥർ ഇളക്കി മാറ്റുകയും ചെയ്തു. മേൽക്കോടതിയുടെ തെറ്റായ ഇടപെടൽ ചൂണ്ടിക്കാട്ടി അജിത് വീണ്ടും പരാതി നൽകിയതോടെ സിജെഎം പുനരന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ മജിസ്ട്രേറ്റ് അലീഷ മാത്യുവിന്റെ വീഴ്ച സിജെഎം കണ്ടെത്തി. തെറ്റ് തിരിച്ചറിഞ്ഞിട്ടും ഏകപക്ഷീയമായ നടപടികളിലൂടെ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ജില്ലാ സ്പെഷ്യൽ ജഡ്ജിക്കോ ഹൈക്കോടതി രജിസ്ട്രാർക്കോ വിവരം കൈമാറായില്ലെന്നാണ് ആരോപണം.

Also Read: ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യം, എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം: ഇ.പി. ജയരാജന്‍



2024 നവംബർ 22ന് അജിത് ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതിയിന്മേൽ ഇരു കോടതികൾക്കും എതിരായ അന്വേഷണം പ്രഖ്യാപിച്ചു. അധികാര പരിധി മറികടന്ന് കോടതി ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ ശ്രമിച്ചതും ഇത് തെറ്റാണന്ന് ബോധ്യപ്പെട്ടിട്ടും മറച്ചു വെയ്ക്കാൻ ശ്രമിച്ചതും കോടതികൾക്കുണ്ടായ വീഴ്ചയാണന്ന് ഹൈക്കോടതിക്ക് ബോധ്യമായി. അന്വേഷണത്തിന്റെ അവസാന ഘട്ട നടപടി എന്ന നിലയിൽ ഇരു മജിസ്ട്രേറ്റുമാരോടും റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഹൈക്കോടതി അന്വേഷണം പൂർത്തീകരിച്ചാലുടൻ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രമ്യാ മേനോനെതിരെയും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന അലീഷ മാത്യൂവിനുമെതിരെയും നടപടികളുണ്ടായേക്കുമെന്നാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com