മഹാകുംഭമേളയിലെ അപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
മഹാകുംഭമേളയിലെ അപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ
Published on

മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. ജസ്റ്റിസ് ഹർഷ് കുമാർ, മുൻ ഡിജി വി.കെ. ഗുപ്ത, റിട്ടയേർഡ് ഐഎഎസ് ഡി.കെ. സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

"ജസ്റ്റിസ് ഹർഷ് കുമാർ, മുൻ ഡിജി വി.കെ. ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോ​ഗസ്ഥൻ ഡി.കെ. സിംഗ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ ഞങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കൺട്രോൾ റൂം, ചീഫ് സെക്രട്ടറിയുടെ കൺട്രോൾ റൂം, ഡിജിപിയുടെ കൺട്രോൾ റൂം എന്നിവിടങ്ങളിൽ നിന്ന് ദിവസം മുഴുവൻ ഞങ്ങൾ സംഭവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്," യോ​ഗി ആദിത്യനാഥ് പറഞ്ഞു.



കുംഭമേളയ്ക്കിടെയുണ്ടായ അപകടത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ യുപി മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സംഭവം ഹൃദയഭേദകമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നതായും ആദിത്യനാഥ് പറഞ്ഞു.

ഇന്നലെ രാത്രി മുതൽ ഞങ്ങൾ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. മേള അതോറിറ്റി, പൊലീസ്, ഭരണകൂടം, എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ്, സാധ്യമായ എല്ലാ ക്രമീകരണങ്ങളും അവിടെ വിന്യസിച്ചിട്ടുണ്ട്," ആദിത്യനാഥ് പറഞ്ഞു.

പ്രയാ​ഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ അമൃത് സ്നാനത്തിനിടയിലായിരുന്നു അപകടം. പുലര്‍ച്ചെ രണ്ട് മണി മുതലാണ് ബാരിക്കേഡുകള്‍ തകരുന്ന തരത്തില്‍ ത്രിവേണി സംഗമത്തിലേക്ക് ഭക്തര്‍ പ്രവേശിച്ചത്. ഈ തിരക്ക് അപകടമുണ്ടാക്കി. സ്ത്രീകളടക്കം കുഴഞ്ഞുവീണു. തിരക്ക് രൂക്ഷമായത് കൂടുതല്‍ അപകടം സൃഷ്ടിച്ചു. പൊലീസ് അടക്കമുള്ള സുരക്ഷാ സേനാ പ്രവര്‍ത്തകരാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. തിക്കിലും തിരക്കിലും 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഔദ്യോ​ഗിക കണക്ക്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com