മഹാരാഷ്ട്രയിൽ തണുത്ത പോളിങ്; രേഖപ്പെടുത്തിയത് 58.22% പോളിങ്

സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
മഹാരാഷ്ട്രയിൽ തണുത്ത പോളിങ്; രേഖപ്പെടുത്തിയത്  58.22%  പോളിങ്
Published on



മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ രാവിലെ തണുത്ത പോളിങ്. വൈകീട്ട് 5 മണി വരെ 58.22% പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 288 നിയമസഭ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 62 സീറ്റും വിദര്‍ഭയിലാണ്. ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടത്തിലാണ് വിദര്‍ഭയില്‍. 

ഇതിൽ 36 സീറ്റില്‍ ഇരു പാര്‍ട്ടികളും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മൊത്തം വോട്ടർമാർ 9.6 കോടിയാണ്. ഇതിൽ യുവാക്കൾ 12 ശതമാനമാണ്. 47.7 ശതമാനം സ്ത്രീ വോട്ടർമാരാണ്. മുൻ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനം സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.

സംസ്ഥാനത്ത് ശിവസേനകൾ തമ്മിൽ 49 സീറ്റുകളിലും എൻസിപികൾ 36 സീറ്റുകളിലുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. തലസ്ഥാനമായ മുംബൈ, ശിവസേനയെ സംബന്ധിച്ച് അഭിമാന പോരാട്ട ഇടമാണ്. ഈ മേഖലയിൽ 36 മണ്ഡലങ്ങളുള്ളതിൽ പല ശ്രേണിയിൽപെട്ട വോട്ടർമാരുടെ ജനഹിതം കൂടി പരിഗണിക്കേണ്ടി വരുമെന്നതാണ് പ്രത്യേകത. വിവിഐപി മേഖലയായ ഇവിടം, ഉന്നത രാഷ്ട്രീയക്കാരും, സിനിമാ താരങ്ങളുമടക്കം വോട്ടർമാരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുംബൈ നഗരം കേന്ദ്രീകരിച്ച മൂന്ന് മണ്ഡങ്ങളിൽ രണ്ടിലും ഉദ്ദവിന്റെ ശിവസേനയാണ് ജയിച്ചത്. ഇതുണ്ടാക്കിയ അത്മവിശ്വാസം ചെറുതല്ല. സേനാ ആസ്ഥാനം നിലനിൽക്കുന്ന ഇവിടെ 22 സീറ്റിൽ ശിവസേനയും 11 സീറ്റിൽ കോൺഗ്രസും 3 സീറ്റിൽ എൻസിപിയുമാണ് മഹാ വികാസ് അഘാഡിക്കായി വോട്ട് തേടിയത്.

എന്നാൽ എന്തും മാറ്റിമറിക്കാൻ എല്ലാ അടവും ഇത്തവണ ഷിൻഡെ പക്ഷം പുറത്തെടുത്തിട്ടുണ്ട്. ബിജെപി 18 സീറ്റിലും ഷിൻഡെ വിഭാഗം ശിവസേന 15 ഉം അജിത് പവാറിന്റെ എൻസിപി 3 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന 19 ഉം ബിജെപി 14 സീറ്റുകളിലും ജയിച്ചിരുന്നു. ഇരു സേനകളും നേർക്കുനേർ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട മണ്ഡലം ഉദ്ദവിന്റെ മകൻ ആദിത്യ താക്കറെയുടെ സിറ്റിംഗ് സീറ്റായ വർളിയാണ്. മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റയാണ് ആദിത്യക്കെതിരെ ഷിൻഡെയുടെ തുറുപ്പ് ചീട്ട്.

എൻസിപിയ്ക്കും ഇത് അഭിമാന പോരാട്ടമാണ്. പവാർ കുടുംബത്തിൻ്റെ പരമ്പരാഗത ശക്തികേന്ദ്രമായ ബാരാമതിയിൽ കുടുംബാംഗങ്ങൾ ഏറ്റുമുട്ടുന്നു. ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരെ ശരദ് പവാർ എൻസിപിക്ക് സഹോദര പുത്രൻ യുഗേന്ദ്ര പവാർ രംഗത്തിറങ്ങിയത് അഭിമാന പ്രശ്നമായിട്ടുണ്ട്. അജിത്തിന്റെ ഭരണപരിചയവും വികസന വാഗ്ദാനങ്ങളും ജനം കേട്ടുവെന്നാണ് അവരുടെ പ്രതീക്ഷ. ബാന്ദ്ര ഈസ്റ്റ് കൊല്ലപ്പെട്ട മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ദിഖിയുടെ മകൻ സീഷന്റെ സിറ്റിംഗ് സീറ്റാണ്. 2019ൽ കോൺഗ്രസ് എംഎൽഎയായി ജയിച്ച സീഷൻ ഇത്തവണ എതിർ ചേരിക്കായിട്ടാണ് മത്സരിക്കുന്നത്.

ഉദ്ദവ് താക്കറെയുടെ പൗത്രൻ വരുൺ സർദേശായിയാണ് എതിർ സ്ഥാനാർഥി. പിതാവിന്റെ മരണം വോട്ടുകൾ സീഷന് അനുകൂലമാക്കുമെന്ന് എൻസിപി കരുതുന്നു. പക്ഷേ ശക്തമായ പ്രതിരോധം വരുൺ ഉയർത്തുന്നുണ്ട്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നാഗ്പൂർ സൗത്ത് വെസ്റ്റിൽ കോൺഗ്രസിന്റെ പ്രഫുൽ ഗുഡാദെയാണ് എതിര്. ഫഡ്‌നാവിസ് മഹാരാഷ്ട്രാ ബിജെപിയുടെ മുഖമാണ്. വോട്ടർമാർക്കിടയിലെ ഭരണവിരുദ്ധ വികാരവും അവശ്യസാധന വിലയും പറഞ്ഞാണ് പ്രഫുൽ വോട്ട് തേടിയത്. ഏകനാഥ് ഷിൻഡെയ്ക്ക് എതിരെ ഉദ്ദവ് ശിവസേനയിലെ കേദാർ ദിഗെയാണ്. ഷിൻഡെുടെ ഉപദേഷ്ടാവ് ആനന്ദ് ദിഗെയുടെ അനന്തരവനാണ് കേദാർ ദിഗെ.

സകോലിയിൽ കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയാണ് മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ ആധിപത്യം മഹാവികാസ് അഘാഡി സഖ്യത്തിനുണ്ട്. എന്നാൽ ലോക്സഭയിലെ തിരിച്ചടി താത്ക്കാലികം മാത്രമെന്ന് തെളിയിക്കുകയാണ് ബിജെപിയുടെ മഹായുതി സഖ്യത്തിൻ്റെ ലക്ഷ്യം. ആര് വീഴും ആര് വാഴുമെന്ന് ഇന്നത്തെ വോട്ടെടുപ്പ് നിശ്ചയിക്കും. ബോളിവുഡിൻ്റെ ഹൃദയഭൂമികയായ മുംബൈയിൽ നിരവധി അഭിനേതാക്കളും കായിക താരങ്ങളും വോട്ട് ചെയ്യാനെത്തി. ഇതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com