നാടൻ പശുക്കൾ ഇനി 'രാജ്യമാതാ ഗോമാതാ'; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് ഏക്നാഥ് ഷിൻഡെ സർക്കാറിൻ്റെ പ്രഖ്യാപനം
നാടൻ പശുക്കൾ ഇനി 'രാജ്യമാതാ ഗോമാതാ'; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ
Published on

മഹാരാഷ്ട്രയിൽ ഇനി നാടൻ പശുക്കൾ 'രാജ്യമാതാ ഗോമാതാ' എന്നറിയപ്പെടുമെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ. നാടൻ പശുക്കളുടെ സാംസ്കാരിക, കാർഷിക പ്രാധാന്യം മുൻനിർത്തിയാണ് മഹാരാഷ്ട്ര സർക്കാറിൻ്റെ പുതിയ പ്രഖ്യാപനം. മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് ഏക്നാഥ് ഷിൻഡെ സർക്കാറിൻ്റെ പ്രഖ്യാപനം.

വേദകാലഘട്ടം മുതലുള്ള പ്രാധാന്യം കണക്കിലെടുത്താണ് നാടൻ പശുക്കൾക്ക് 'രാജ്യമാതാ ഗോമാതാ' പദവി നൽകുന്നതെന്ന് കൃഷി, ക്ഷീര വികസന, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നാടൻ പശുക്കൾക്ക് വേദകാലഘട്ടം മുതൽ വലിയ പ്രാധാന്യമുണ്ട്. ആയുർവേദ മരുന്ന് നിർമാണത്തിനും, പഞ്ചഗവ്യ ചികിത്സയിലും പാൽ, പശുമൂത്രം, ചാണകം തുടങ്ങിയവ ഒഴിച്ചുകൂടാൻ ആവാത്തതാണ്. ജൈവകൃഷിയിലും ഇവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. അതിനാൽ, ഇനി നാടൻ പശുക്കൾ രാജ്യമാതാ ഗോമാതാ എന്നറിയപ്പെടുമെന്നും കുറിപ്പിൽ പറയുന്നു.

നാടൻ പശുക്കൾ നമ്മുടെ കർഷകർക്ക് ഒരു അനുഗ്രഹമാണെന്നും, അതിനാലാണ് രാജ്യമാതാ ഗോമാതാ പദവി നൽകുന്നതെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജ്യമാതാ ഗോമാതാ പ്രഖ്യാപനത്തോട് പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com