സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവം: "പിന്നിൽ അധോലോക സംഘമല്ല, ലക്ഷ്യം മോഷണം മാത്രം"; മഹാരാഷ്ട്ര മന്ത്രി

കസ്റ്റഡിയിലെടുത്തിട്ട് വിട്ടയച്ചയാല്‍ പ്രതിയല്ലെന്നും, കസ്റ്റഡിയിൽ എടുത്തയാൾ ഒരു സംഘത്തിലെയും കണ്ണിയല്ലെന്നും മന്ത്രി യോഗേഷ് കദം വ്യക്തമാക്കി
സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവം: "പിന്നിൽ അധോലോക സംഘമല്ല, ലക്ഷ്യം മോഷണം മാത്രം"; മഹാരാഷ്ട്ര മന്ത്രി
Published on

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിന് പിന്നിൽ അധോലോക സംഘമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം. അക്രമിയുടെ ലക്ഷ്യം മോഷണം മാത്രമാണെന്ന് മന്ത്രി പറയുന്നു. കസ്റ്റഡിയിലെടുത്തിട്ട് വിട്ടയച്ചയാല്‍ പ്രതിയല്ലെന്നും, കസ്റ്റഡിയിൽ എടുത്തയാൾ ഒരു സംഘത്തിലെയും കണ്ണിയല്ലെന്നും യോഗേഷ് കദം വ്യക്തമാക്കി. പൂനെയിൽ നടന്ന വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന.


സെയ്ഫ് അലി ഖാൻ സർക്കാരിൽ നിന്നും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറയുന്നു. നടൻ യാതൊരു വിധ സുരക്ഷയും പരിരക്ഷയും ആവശ്യപ്പെട്ടിട്ടല്ല. എന്നാൽ അപേക്ഷിക്കുകയാണെങ്കിൽ നടപടിക്രമങ്ങൾ പാലിച്ച ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പ് സുരക്ഷ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഇപ്പോഴും സ്വതന്ത്രനായി വിഹരിക്കുകയാണെന്നും മുംബൈ പൊലീസ് പറഞ്ഞു. പ്രതി കെട്ടിടത്തിലേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


അതേസമയം, നടന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാന്‍ ചികിത്സയില്‍ കഴിയുന്നത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സെയ്ഫിന് സാരമായ പരിക്കേറ്റിരുന്നു.


കഴിഞ്ഞ​ദിവസം, പുലർച്ചെയാണ് സെയ്‌ഫ് അലി ഖാനെ കുത്തേറ്റത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്‌സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്.

അക്രമി വിരല്‍ ചൂണ്ടിക്കൊണ്ട് മിണ്ടരുതെന്ന് ഹിന്ദിയില്‍ പറഞ്ഞെന്നും ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടാണ് സെയ്ഫ് അലിഖാന്‍ ഓടിയെത്തിയതെന്നും ഏലിയാമ്മ മൊഴി നല്‍കി. തുടര്‍ന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് മോഷ്ടാവ് സെയ്ഫിനെ കുത്തുകയായിരുന്നു. ഏലിയാമ്മയ്ക്കും മറ്റൊരു സ്റ്റാഫിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com