തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ പത്രപ്പരസ്യ യുദ്ധം; ആരോപണങ്ങളുമായി മഹാ വികാസ് അഘാഡിയും മഹായുതിയും

പത്ര പരസ്യങ്ങളിലൂടെയാണ് മുന്നണികള്‍ അരോപണ പ്രത്യാരോപങ്ങള്‍ ഉന്നയിക്കുന്നത്.
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ പത്രപ്പരസ്യ യുദ്ധം; ആരോപണങ്ങളുമായി മഹാ വികാസ് അഘാഡിയും മഹായുതിയും
Published on


മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചര്‍ച്ചയായി പത്രപ്പരസ്യ യുദ്ധം. മഹാവികാസ് അഘാഡി സഖ്യത്തോടും കോണ്‍ഗ്രസിനോടും നോ പറയുക എന്ന തലക്കെട്ട് നല്‍കിയാണ് മഹായുതി പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര വിരുദ്ധ ഭരണം മതിയെന്ന് എംവിഎയും തിരിച്ചടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍കെ പുതിയ പോര്‍ക്കളം തുറന്നിരിക്കുകയാണ് ഇരു മുന്നണികളും. പത്ര പരസ്യങ്ങളിലൂടെയാണ് മുന്നണികള്‍ അരോപണ പ്രത്യാരോപങ്ങള്‍ ഉന്നയിക്കുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണം മുതല്‍ കോവിഡ് കിറ്റ് കുംഭകോണം വരെയുള്ള സംഭവങ്ങളെല്ലാം ഉയര്‍ത്തിയാണ് മഹായുതി സഖ്യം കളത്തിലിറങ്ങിയിരിക്കുന്നത്.

2020 ലെ പാല്‍ഘര്‍ കേസിലെ സിബിഐ അന്വേഷണം രാഹുല്‍ ഗാന്ധിയുടെ ഉത്തരവനുസരിച്ച് ഉദ്ധവ് താക്കറെ നിര്‍ത്തിയെന്നും പരസ്യത്തിലൂടെ ബിജെപി ആരോപിക്കുന്നു. കൂടാതെ 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനം, 93 ലെ മുംബൈ സ്ഫോടനം എന്നിവ ഉണങ്ങാത്ത മുറിവുകള്‍ എന്ന തലക്കെട്ടോടെയാണ് നല്‍കിയിരിക്കുന്നത്. അംബാനിമാരുടെ വീടിന് നേരെ ബോംബ് ഭീഷണി, അഴിമതി ആരോപണങ്ങള്‍ എന്നിവയും മഹാ വികാസ് അഘാഡി സഖ്യത്തിനെതിരെ മഹായുതി ഉന്നയിക്കുന്നു.

എന്നാല്‍ മഹായുതി സര്‍ക്കാരിന്റെ പരാജയങ്ങളും അഴിമതിയും അക്കമിട്ട് നിരത്തിയാണ് മഹാ വികാസ് അഘാഡിയുടെ പ്രതിരോധം.. ഹിറ്റ് ആന്റ് റണ്‍ കേസുകള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, മഹായുതിയുടെ പൂര്‍ത്തീകരിക്കാത്ത വാഗ്ദാനങ്ങള്‍ എന്നിവയാണ് എംവിഎ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങള്‍. മഹാരാഷ്ട്ര വിരുദ്ധ ഭരണം മതി, അഴിമതി സഖ്യത്തെ നീക്കം ചെയ്യാനുള്ള സമയമാണെന്ന അടികുറിപ്പോടെയാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണമായിരിക്കും സംസ്ഥാനത്ത് നടക്കുക. 288 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 23 ന് വോട്ടെണ്ണല്‍ നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com