
റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മോചിതരായവർ. തൃശ്ശൂർ സ്വദേശി സന്തോഷ് ഷണ്മുഖമാണ് റഷ്യയിലെ ദുരിത ജീവിത്തെപ്പറ്റിയും തൊഴിൽ തട്ടിപ്പിനെപ്പറ്റിയും ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയത്. മനുഷ്യക്കടത്തിന്റെ പ്രധാന ഏജന്റ് റഷ്യൻ പൗരത്വമുള്ള മലയാളി സന്ദീപ് തോമസ് ആണെന്നും ഇയാൾക്ക് റഷ്യൻ പട്ടാള ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധമുണ്ടെന്നും സന്തോഷ് പറയുന്നു.
കൂലിപ്പട്ടാളത്തിൽ ചേർന്നവരെ വിന്യസിക്കുന്നത് മരണമുഖത്താണെന്ന് ഏജന്റുമാർക്ക് കൃത്യമായി അറിയാമായിരുന്നു. തങ്ങൾ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുമ്പോഴും നാട്ടിൽനിന്ന് നിരവധി ആളുകളെ റിക്രൂട്ട് ചെയ്യാൻ ഏജൻ്റുമാർ ശ്രമിച്ചു. റഷ്യയിലെ ദുരിതങ്ങൾ മാധ്യമങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും മറച്ചു പിടിക്കാൻ പ്രതികൾ സമ്മർദ്ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് പറയുന്നു.
മനുഷ്യക്കടത്ത് സംഘത്തിന് കീഴിൽ കഴിഞ്ഞ വർഷം കൂലിപ്പട്ടാളത്തിലേക്ക് എത്തിയ മലയാളികളിൽ താൻ അടക്കമുള്ള മൂന്ന് പേർ മാത്രമാണ് രക്ഷപ്പെട്ടത്. പട്ടാളത്തിലെത്തി രണ്ട് മാസത്തിനുള്ളിൽ തൃശ്ശൂർ സ്വദേശി സന്ദീപ് ചന്ദ്രൻ ഷെല്ലാക്രമണത്തിൽ മരിച്ചു. ജോലി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തനിക്കൊപ്പമുള്ള 22 പേർ യുദ്ധത്തിൽ മരിച്ചുവെന്നും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും സന്തോഷ് ഷൺമുഖം ന്യൂസ് മലയാളത്തോട് പറഞ്ഞു.