മൈനാഗപ്പള്ളി അപകടം: ശരീരത്തിലൂടെ വാഹനം കയറ്റാൻ പറഞ്ഞത് ഡോക്ടർ ശ്രീക്കുട്ടി, കൊലപാതകം മനഃപൂർവമെന്ന് റിമാൻ്റ് റിപ്പോർട്ട്

അപകടം നടക്കുമ്പോൾ രണ്ട് പേരും മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് മെഡിക്കൽ പരിശോധനാ ഫലത്തിൽ നിന്നും വ്യക്തമാകുന്നത്
മൈനാഗപ്പള്ളി അപകടം: ശരീരത്തിലൂടെ വാഹനം കയറ്റാൻ പറഞ്ഞത് ഡോക്ടർ ശ്രീക്കുട്ടി, കൊലപാതകം മനഃപൂർവമെന്ന് റിമാൻ്റ് റിപ്പോർട്ട്
Published on

കൊല്ലം മൈനാഗപ്പള്ളി അപകടത്തിലെ റിമാൻ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് പ്രതികള്‍ വണ്ടി കയറ്റിയിറക്കി എന്നാണ് റിപ്പോർട്ടിലുള്ളത്. ബോണറ്റില്‍ യുവതി വീണതിന് ശേഷവും വണ്ടി നിർത്താതെ പോയത് നരഹത്യാ ശ്രമമാണ്. യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കാൻ പറഞ്ഞത് ഡോക്ടർ ശ്രീക്കുട്ടി ആണെന്നാണ് പൊലീസ് കണ്ടെത്തൽ.

കേസിൽ പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതികളായ ശ്രീക്കുട്ടി, അജ്‌മൽ, എന്നിവരെ ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ ശ്രീക്കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള നരഹത്യക്കേസാണ് ചുമത്തിയിരിക്കുന്നത്.

ആളുകൾ ഓടിക്കൂടിയപ്പോഴേക്കും റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കാറിലുണ്ടായിരുന്നവർ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. അപകടം നടക്കുമ്പോൾ രണ്ട് പേരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് മെഡിക്കൽ പരിശോധനാ ഫലത്തിൽ നിന്നും വ്യക്തമാകുന്നത്. പ്രതികള്‍ പരിചയപ്പെട്ടത് നാല് മാസം മുൻപാണെന്നും കണ്ടെത്തി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതി അജ്മലിനെ രക്ഷപ്പെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും ലഹരി മാഫിയാ സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധവും പൊലീസ് അന്വേഷിക്കും.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചു. 

സെപ്തംബർ 15നായിരുന്നു മൈനാഗപ്പള്ളിയിൽ ഇവർ സഞ്ചരിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൈനാഗപ്പള്ളി സ്വദേശിനിയായ കുഞ്ഞുമോൾ മരിച്ചത്. വാഹനത്തെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com