
മധ്യപ്രദേശിലെ മന്ദ്‌സൗറിൽ വാൻ കിണറിൽ വീണ് വൻ ദുരന്തം. ബൈക്ക് യാത്രികനും രക്ഷാപ്രവർത്തനെത്തിയ നാട്ടുകാരുനുമുൾപ്പെടെ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മന്ദ്സൗർ ജില്ലയിലെ കച്ചാരിയ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് 13 പേരുമായി സഞ്ചരിച്ച വാൻ കിണറ്റിലേക്ക് വീണത്. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം ഇതുവരെ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ക്രെയിൻ ഉപയോഗിച്ച് ശരീരം പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
വാൻ ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിക്കുന്നത്. ബൈക്കിൽ ഇടിച്ചതോടെ വാൻ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി. പിന്നാലെ വാഹനം റോഡിൽ നിന്നും തെന്നി കിണറ്റിലേക്ക് മറിയുകയായിരുന്നു. ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കിണറ്റിൽ വിഷവാതകം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. വിഷവാതകം ശ്വസിച്ചാണ് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരൻ്റെ മരണമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) മറ്റ് യൂണിറ്റുകളും ഉൾപ്പെടുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ അപകടസ്ഥലത്തെത്തിയിരുന്നു. "വാനിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 13 പേർ ഉണ്ടായിരുന്നു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറ്റിൽ വിഷവാതകം ഉണ്ടായിരുന്നു. ആളുകളെ രക്ഷിക്കാനെത്തിയ മനോഹർ സിംഗ് എന്നയാളാണ് മരിച്ചത്" ജഗദീഷ് ദേവ്ദ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.