
കൊൽക്കത്തയിലെ സിയാൽദ പ്രദേശത്തെ ഇഎസ്ഐ ആശുപത്രിയിൽ വൻ തീപിടുത്തത്തെ തുടർന്ന് ഒരു മരണം. ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന അർബുദ രോഗിയാണ് മരിച്ചത്. തീപിടിത്തത്തെ തുടർന്നാണോ മരണം എന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഒന്നാം നിലയിലെ പുരുഷ ശസ്ത്രക്രിയ വാർഡിലാണ് തീപിടിത്തമുണ്ടായത്.
ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളിൽ ഭൂരിഭാഗവും കാൻസർ രോഗികളായിരുന്നുവെന്നാണ് റിപ്പോർട്ട്. എൺപതോളം രോഗികളെ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അൻപതോളം രോഗികളെ മണിക്താല ഇഎസ്ഐ ആശുപത്രിയിലേക്കാണ് മാറ്റിയത്.
തീ അണയ്ക്കുന്നതിനായി പത്തോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തിച്ചു. ഭീതിപ്പെടുത്തുന്ന സംഭവം എന്നാണ് ജില്ലാ ഫയർ ഓഫീസർ ടി.കെ ദത്ത സംഭവത്തെ വിശേഷിപ്പിച്ചത്. 80ഓളം പേർ ആശുപത്രിക്കകത്ത് കുടുങ്ങിയ അവസ്ഥയിലായിരുന്നു. 20 മിനുട്ടിനുള്ളിൽ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. ഐസിയുവിൽ കിടന്ന ഒരു രോഗി മരണപ്പെട്ടതായും ടി.കെ ദത്ത അറിയിച്ചു.