
മതപരിവര്‍ത്തനം നടക്കുന്ന തരത്തിലുള്ള മതസമ്മേളനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഒത്തുചേരലുകള്‍ അനുവദിച്ചാല്‍ രാജ്യത്തെ 'ഭൂരിപക്ഷ ജനസംഖ്യ ന്യൂനപക്ഷമായിത്തീരും' എന്നും ഹൈക്കോടതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്ന് ആളുകളെ മതപരിവര്‍ത്തനത്തിനായി ഡല്‍ഹിയിലെ ഒരു സമ്മേളനത്തിലേക്ക് കൊണ്ടുപോയെന്ന കേസില്‍ കൈലാഷ് എന്ന വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
രാംകാളി പ്രജാപതി എന്ന ആളുടെ സഹോദരന്‍ രാംപാലിനെ കൈലാഷ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയെന്നും അയാള്‍ പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയില്ലായെന്നും എഫ്ഐആറില്‍ പറയുന്നു. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന രാംപാലിന് സമ്മേളനത്തില്‍ നല്ല ചികിത്സ ലഭിക്കുമെന്ന് പറഞ്ഞ് കൈലാഷ് ഡല്‍ഹിയിലേക്ക് കൊണ്ട് പോകുകയായിരുന്നെന്നും ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കൈലാഷിനോട് അന്വേഷിച്ചപ്പോള്‍ കുടുംബത്തിന് തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഹാമിര്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള നിരവധി പേരെ ഡല്‍ഹി സമ്മേളനത്തിലേക്ക് കൊണ്ടുപോയി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. തട്ടിക്കൊണ്ടുപോകല്‍, യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കൈലാഷിനെ അറസ്റ്റ് ചെയ്തത്. ഇത്തരം ഒത്തുചേരലുകളില്‍ വന്‍തോതില്‍ ആളുകള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി കെ ഗിരി കോടതിയെ അറിയിച്ചു.
കൈലാഷ് ഗ്രാമത്തില്‍ നിന്ന് ആളുകളെ മതപരിവര്‍ത്തനത്തിനായി കൊണ്ടുപോയെന്നും ഇതിന് പ്രതിഫലം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്ന സാക്ഷിമൊഴികള്‍ പികെ ഗിരി ചൂണ്ടിക്കാട്ടി. 'രാംപാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നും ഒരു ക്രിസ്ത്യന്‍ സമ്മേളനത്തില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും കൈലാഷിന്റെ അഭിഭാഷകന്‍ സാകേത് ജയ്സ്വാള്‍ പറഞ്ഞു. സോനു പാസ്റ്ററാണ് ഇത്തരമൊരു സമ്മേളനം നടത്തിയത്, അദ്ദേഹത്തെ ഇതിനകം ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്', സാകേത് കോടതിയെ അറിയിച്ചു.
എന്നാല്‍, രാംപാല്‍ ഒരിക്കലും ഗ്രാമത്തിലേക്ക് തിരിച്ചെത്തിയില്ലെന്നും കൈലാഷ് മതപരിവര്‍ത്തനം നടത്തുന്നതിന് നിരവധി സാക്ഷികളുണ്ടെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഇത് അനുവദിച്ചുകൊടുത്താല്‍, ഈ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒരു ദിവസം ന്യൂനപക്ഷമായിത്തീരും, ഇന്ത്യന്‍ പൗരരുടെ മതം മാറ്റുന്ന ഇത്തരം മതസമ്മേളനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, കോടതി പറഞ്ഞു. 'പട്ടികജാതി-പട്ടികവര്‍ഗ ജാതിക്കാരേയും മറ്റ് ജാതിക്കാരേയും സാമ്പത്തികമായി ദരിദ്രരായവരേയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്', കോടതി കൂട്ടിച്ചേര്‍ത്തു.