
വനിതാ മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ പീഡന പരാതിയിൽ പുരുഷ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ. മേക്കപ്പ് ആർട്ടിസ്റ്റ് രുചിത് മോനെ ആണ് പ്രത്യേക അന്വേഷണ സംഘം എറണാകുളത്ത് നിന്ന് പിടികൂടിയത്.
കാക്കനാട് ഫ്ലാറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് രുചിത് മോനെ സിനിമാ ജീവനക്കാരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും പുറത്താക്കിയെന്ന് സംഘടന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് രുചിത് മോൻ പീഡിപ്പിച്ചു എന്നാണ് വനിതാ മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ പരാതി. ഇയാൾക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
സമാനമായി നേരത്തെ കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ മേക്കപ്പ് മാനേജർ സജീവിനെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. കോട്ടയം പൊൻകുന്നം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
2014ലെ സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് മാനേജർ ലൈംഗികമായ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. തൃശൂര്‍ കൊരട്ടി സ്വദേശിയായ മേക്കപ്പ് മാനേജർ സജീവ് ലൈംഗികോദ്ദേശ്യത്തോടെ സമീപിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് കേസ്.