
മലങ്കര സഭ പള്ളി തർക്കം നിലനിൽക്കുന്ന ദേവാലയങ്ങളില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാനെത്തി പൊലീസും തഹസിൽദാറുമാരും. മഴുവന്നൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലും, കോതമംഗലം പുളിന്താനം സെൻ്റ് ജോൺസ് ബെസ്ഫാഗെ പള്ളിയിലുമാണ് സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. ഇതിന് മുമ്പ് എട്ട് തവണ വിധി നടപ്പിലാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികൾ.
തർക്കം നിലനിൽക്കുന്ന ആറ് പള്ളികളിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ഒരു അവസരം കൂടി നൽകുന്നതായി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച വേളയിൽ ഹൈക്കോടതി അറിയിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 25 ന് മുമ്പ് വിധി നടപ്പിലാക്കണമെന്നാണ് നിർദേശം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മഴുവന്നൂർ സെൻ്റ് തോമസ് കത്തീഡ്രലും പുളിന്താനം സെൻ്റ് ജോൺസ് ബെസ്ഫാഗെ പള്ളിയും ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനുള്ള നീക്കം സർക്കാർ ആരംഭിച്ചത്.
ഇരു ദേവാലയങ്ങളിലും ഇന്നലെ വൈകുന്നേരം മുതൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. പൊലീസ് നടപടിയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് യാക്കോബായ സഭ വിശ്വാസികളും പള്ളിക്കുള്ളിലും സമീപത്തുമായി നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മഴുവന്നൂർ പള്ളി ഏറ്റെടുക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പുളിന്താനത്തും യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിൻവാങ്ങിയിരുന്നു. വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും നീതി നിഷേധത്തിനെതിരെ പ്രതിരോധം തീർക്കുമെന്നുമാണ് യാക്കോബായ സഭയുടെ നിലപാട്.
അതേസമയം, പള്ളി ഏറ്റെടുക്കാതെ യാക്കോബായ സഭ നേതൃത്വവുമായി സർക്കാർ ഒത്തുകളിക്കുകയാണെന്നാണ് ഓർത്തഡോക്സ് സഭയുടെ ആരോപണം. മഴുവന്നൂർ, പുളിന്താനം പള്ളികൾക്ക് പുറമേ ഓടക്കാലി സെൻ്റ് മേരീസ് പള്ളി, കണ്ടനാട് ഭദ്രാസനത്തിൻ്റെ ആട്ടിൻകുന്ന്, കാരിക്കോട് പള്ളികൾ, കൊല്ലം മുഖത്തല സെൻ്റ് സ്റ്റീഫൻസ് പള്ളി എന്നിവയാണ് അടിയന്തരമായി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. മലങ്കര സഭ പള്ളി തർക്കത്തിൽ 1934ലെ മലങ്കര സഭ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയാണ് 2017ൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞത്. ഇതോടെയാണ് പിളർപ്പിനു ശേഷം യാക്കോബായ പക്ഷത്ത് നിലയുറപ്പിച്ച പള്ളികളടക്കം ഓർത്തഡോക്സ് വിഭാഗത്തിൻ്റെ അധികാരത്തിന് കീഴിലേക്ക് എത്തിയത്.