
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ആവേശമേറുന്നു. അത്ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമായതോടെ,മലപ്പുറം ആദ്യ സ്വർണം സ്വന്തമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് ആദ്യ സ്വർണം നേടിയത്. അഞ്ച് കിലോമീറ്റർ നടത്തത്തിൽ മലപ്പുറം ഐഡിയൽ സ്‌കൂളിലെ മുഹമ്മദ് സുൽത്താനാണ് സ്വർണം കരസ്ഥമാക്കിയത്. അത്ലറ്റിക്‌സിൽ 15 ഫൈനലുകളും കൂടാതെ ഗെയിംസ് ഇനങ്ങളും ഇന്നും തുടരും.
രണ്ടാം സ്ഥാനം കോഴിക്കോടിൻ്റെ ആൽബിൻ ബോബിയും സ്വന്തമാക്കി. ധരിച്ച ഷൂ ട്രാക്കിൽ വച്ച് അഴിഞ്ഞ് വീണിട്ടും തോൽക്കാൻ തയ്യാറാകാതെ പോരാടിയാണ് കോഴിക്കോട് സ്വദേശി ആൽബിൻ ബേബി മെഡൽ നേടിയത്. 5000 മീറ്റർ സീനിയർ ബോയ്സ് വാക്ക്,23 മിനിറ്റിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനമാണ് ആൽബിൻ കരസ്ഥമാക്കിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തിലും മലപ്പുറത്തിനാണ് സ്വര്‍ണം. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ വിദ്യാര്‍ഥിയാണ് ഗീതു. രണ്ടാം സ്ഥാനം പാലക്കാട് സ്വദേശിയ അനശ്വരയ്ക്കാണ്. മൂന്നാം സ്ഥാനവും പാലക്കാട് തന്നെ നേടി.
3000 മീറ്റര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ നടത്തത്തില്‍ സ്വര്‍ണം പാലക്കാടിന്. മുണ്ടൂര്‍ എച്എസ്എസിലെ ജഗന്നാഥന്‍ ആണ് സ്വര്‍ണം നേടിയത്. അതേസമയം വെള്ളി കരസ്ഥമാക്കിയത് കൊല്ലം സ്വദേശിയായ ആല്‍ബിന്‍ ബെന്നിയാണ്.
അതേസമയം കായികമേളയിൽ തിരുവനന്തപുരം മേധാവിത്വം തുടരുകയാണ്. 348 ഗെയിംസ് മത്സരയിനങ്ങളും അക്വാട്ടിക്സ് വിഭാഗത്തില്‍ 56 മത്സരയിനങ്ങളും പൂര്‍ത്തിയായപ്പോള്‍ 132 സ്വർണത്തോടെയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് തുടരുന്നത്. കണ്ണൂര്‍,തൃശൂര്‍ ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങളിൽ തുടരുന്നത്.