
മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി. ഭർത്താവിൻ്റെയും വീട്ടുകാരുടെയും അധിക്ഷേപത്തെ തുടർന്നാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. ഷഹാനയുടെ മൃതദേഹം ഒമ്പതുമണിയോടെ കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദിൽ ഖബറടക്കി.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസ്സ് മാത്രം പ്രായമുള്ള മുംതാസ് ജീവനൊടുക്കാൻ കാരണം മാനസിക പീഡനമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
വിവാഹ ശേഷം ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ച ഭർത്താവ്, വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെ ആരോപണമുണ്ട്. അബ്ദുൽ വാഹിദ് നിലവിൽ വിദേശത്താണ് ഉള്ളത്. 2024 മെയ് 27ന് ആയിരുന്നു വിവാഹം. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)