മലപ്പുറം എസ്‌പിയുടെ ക്യാമ്പ് ഓഫീസിൽ മരംമുറി കൂടാതെ അനധികൃത ക്രിക്കറ്റ് നെറ്റ്സ്‌ നിർമാണവും!

മുൻ മലപ്പുറം എസ്‌പി സുജിത് ദാസിനെതിരെയാണ് ആരോപണം. നിലമ്പൂർ സ്വദേശി ഇസ്മായിൽ എരഞ്ഞിക്കലാണ് പരാതിക്കാരൻ
മലപ്പുറം എസ്‌പിയുടെ ക്യാമ്പ് ഓഫീസിൽ മരംമുറി കൂടാതെ അനധികൃത ക്രിക്കറ്റ് നെറ്റ്സ്‌ നിർമാണവും!
Published on

മലപ്പുറം എസ്‌പിയുടെ ക്യാമ്പ് ഓഫീസിൽ മരംമുറി കൂടാതെ അനധികൃത ക്രിക്കറ്റ് നെറ്റ്സ്‌ നിർമാണവും നടന്നുവെന്ന് പരാതി. മുൻ മലപ്പുറം എസ്‌പി സുജിത് ദാസിനെതിരെയാണ് ആരോപണം. നിലമ്പൂർ സ്വദേശി ഇസ്മായിൽ എരഞ്ഞിക്കലാണ് പരാതിക്കാരൻ.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇസ്മായിൽ വിജിലൻസിന് പരാതി നൽകിയത്. എസ്‌പി ഓഫീസിലെ പുതിയ കെട്ടിട നിർമാണത്തിന് എത്തിച്ച മെറ്റലും സിമന്‍റും വകമാറ്റി ക്രിക്കറ്റ് നെറ്റ്സ് നിർമിച്ചെന്നായിരുന്നു പരാതി. കെട്ടിട നിർമാണ കോൺട്രാക്ടറെ സുജിത് ദാസ് സ്വാധീനിച്ചു‌വെന്നും ആവശ്യമായ നെറ്റ് പൊന്നാനി ഹാർബറിൽ നിന്ന് സ്പോൺസർ ചെയ്യിപ്പിച്ചുവെന്നും പരാതിക്കാരന്‍ പറഞ്ഞു. നെറ്റും മറ്റ് നിർമാണ സാമഗ്രികളും എടുക്കാന്‍ പൊലീസ് ജീപ്പ് ഉപയോഗിച്ചെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.

മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസില്‍ മരംമുറി നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത് നിലമ്പൂർ എംഎല്‍എ പി.വി. അന്‍വറാണ്. കൃത്യം നടന്നോയെന്ന് പരിശോധിക്കാന്‍ അന്‍വർ എസ്‌പിയുടെ ക്യാംപ് ഓഫീസിൽ എത്തിയിരുന്നു. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥർ എംഎല്‍എയെ അകത്തേക്ക് കടത്തിവിട്ടില്ല. തുടർന്ന് അന്‍വർ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍റെ ക്യാംപ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

ക്യാംപ് ഓഫീസിലെ മരങ്ങൾ മുറിച്ചുകടത്തിയത് അന്വേഷിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു എംഎൽഎയുടെ കുത്തിയിരിപ്പ് സമരം. സംഭവത്തില്‍ എംഎല്‍എ കേസും ഫയല്‍ ചെയ്തു. ഈ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മുന്‍ പത്തനംതിട്ട എസ്‍പി സുജിത് ദാസ് അന്‍വറിനെ ഫോണില്‍ ബന്ധപ്പെടുകയും ഈ ഫോണ്‍ കോളുകള്‍ എംഎല്‍എ പുറത്ത് വിടുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നുള്ള വാർത്താസമ്മേളനങ്ങളിലാണ് അന്‍വർ എഡിജിപിക്കെതിരെ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്. സുജിത് ദാസിനെതിരെ സ്വർണക്കടത്ത് ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ പത്തനംതിട്ട എസ്‌പി സ്ഥാനത്ത് നിന്നും മാറ്റി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com