ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമ മേഖല പ്രതിസന്ധിയിൽ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമ മേഖല പ്രതിസന്ധിയിൽ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
Published on

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള സ്ത്രീകളുടെ തുറന്നുപറച്ചിലിനെ തുടർന്ന് സിനിമാ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.

അന്വേഷണത്തിൻ്റെ ആദ്യ ഘട്ടത്തില്‍ ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. ഇവര്‍ പരാതി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തും. ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തേയാണ് നിയോഗിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.

രേവതി സമ്പത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവെച്ചിരുന്നു. സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസവും നടി ആവര്‍ത്തിച്ചിരുന്നു. സമാനമായ അനുഭവം പല സുഹൃത്തുക്കള്‍ക്കും ഉണ്ടായതായി നടി പറഞ്ഞിരുന്നു. 2019 ലാണ് നടി ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. പിന്നാലെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളുപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്തും ഒഴിയേണ്ടി വന്നിരുന്നു. നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെയും മീ ടൂ ആരോപണം ഉയർന്നിരുന്നു. സിനിമാ രംഗത്തു നിന്ന് ഇനിയും പരാതികൾ ഉയരുമെന്നാണ് സൂചന.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com