
മലയാളത്തിലെ എക്കാലത്തെയും വലിയ ഇന്‍ഡസ്ട്രി ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് റഷ്യയിലെ കിനോബ്രാവോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. ചിദംബരം സംവിധാനം ചെയ്ത ഈ സര്‍വൈവല്‍ ഡ്രാമ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ്.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 04 വരെ നടക്കുന്ന മേളയില്‍ കാന്‍സ് ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്സ്, ഓസ്കാര്‍ നേടിയ എസ്.എസ്. രാജമൗലിയുടെ ആര്‍ആര്‍ആറും ഔട്ട് ഓഫ് കോംപറ്റീഷൻ: ഫെസ്റ്റിവൽ ഹിറ്റ്സ്, ഔട്ട് ഓഫ് കോംപറ്റീഷൻ: ബ്ലോക്ക്ബസ്റ്റർ ഹിറ്റ്സ് വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സിനിമ ഇന്ത്യയൊട്ടാകെ ചര്‍ച്ചയായിരുന്നു. കേരളത്തിന് പുറത്ത് തമിഴ് നാട്ടിലും ആന്ധ്രയിലും അടക്കം സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലെ ഗുണാകേവ് കാണാന്‍ പോകുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘത്തിന് സംഭവിക്കുന്ന അപകടവും അതില്‍ നിന്നുള്ള അവരുടെ അതിജീവനവുമാണ് സിനിമ പറയുന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ചന്തു സലീം കുമാര്‍, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്മാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിദംബരത്തിന്‍റെ എഴുത്തിനും സംവിധാനത്തിനും പുറമെ ഷൈജു ഖാലിദിന്‍റെ ഛായാഗ്രഹണവും അജയന്‍ ചാലിശേരിയുടെ കലാസംവിധാനവും വിവേക് ഹര്‍ഷന്‍റെ എഡിറ്റിങ്ങും സുഷിന്‍ ശ്യാമിന്‍റെ സംഗീതവും വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു.
കമല്‍ഹാസന്‍ നായകനായി 1991-ല്‍ റിലീസ് ചെയ്ത ഗുണയിലെ ഇളയരാജ ഈണമിട്ട 'കണ്‍മണി അന്‍പോടു കാതലന്‍' എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സിലൂടെ വീണ്ടും ട്രെന്‍ഡിങ് ആയിരുന്നു. പറവ ഫിലിംസിൻ്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.