തിരിച്ചുവരവിനൊരുങ്ങി 'മാക്ട'; സംഘടനാ പ്രതിനിധികൾ ഐഎൻടിയുസിയുമായി ചർച്ച നടത്തി

ചലച്ചിത്ര മേഖലയില്‍ ഉണ്ടായ പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന പത്ര സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നും മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കരയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്ര ശേഖരനും അറിയിച്ചു
തിരിച്ചുവരവിനൊരുങ്ങി 'മാക്ട'; സംഘടനാ പ്രതിനിധികൾ ഐഎൻടിയുസിയുമായി ചർച്ച നടത്തി
Published on

ചലച്ചിത്ര മേഖലയിൽ വീണ്ടും സജീവമാകാനൊരുങ്ങി മലയാളം സിനിമാ ടെക്നീഷ്യൻസ് അസോസിയേഷൻസ് (മാക്ട). കോൺഗ്രസ് തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുമായി മാക്ട പ്രതിനിധികൾ ചർച്ച നടത്തി. ആലുവ പാലസിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ചലച്ചിത്ര മേഖലയില്‍ ഉണ്ടായ പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന പത്ര സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നും മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കരയും ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്ര ശേഖരനും അറിയിച്ചു.

തിരിച്ചുവരവിൻ്റെ ഭാഗമായി മാക്ട ഭാരവാഹികള്‍ ഉടൻ തന്നെ യോഗം ചേരും. സിനിമയിൽ ആത്മാഭിമാന ബോധത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മാക്ട ഭാരവാഹികൾ വ്യക്തമാക്കി. ഇതിനായി ചലച്ചിത്ര മേഖലയിലെ എല്ലാ തൊഴിലാളി സംഘടനകളേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകും. തൊഴിലാളികളെ സംരക്ഷിക്കുന്നവരോടൊപ്പം നില്‍ക്കുവാനാണ് ഇരു സംഘടനകളുടെയും സംയുക്ത തീരുമാനം.

അതേസമയം മലയാള സിനിമയിലെ താരങ്ങൾ സന്നദ്ധരാണെങ്കിൽ അവർക്കായി ട്രേഡ് യൂണിയൻ രൂപീകരിക്കാൻ സിഐടിയു തയ്യാറാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ഇതിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ ഉയർന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ട്രേഡ് യൂണിയൻ രൂപീകരിക്കണമെന്ന് നിരവധി പേർ ഇതിനോടകം ആവശ്യമുന്നയിച്ചിരുന്നു.


A.M.M.Aക്ക് ഒരു ട്രേഡ് യൂണിയൻ്റെ സ്വഭാവമല്ല എന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എങ്കിലും താരസംഘടനയിലെ കൂട്ട രാജിക്ക് പിന്നാലെ സിനിമ മേഖലയിൽ ട്രേഡ് യൂണിയൻ രൂപീകരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കുകയാണ്. ഇതോടെ ഇടതുപക്ഷവും സിഐടിയുവും നടീനടൻമാരേയും അണിയറ പ്രവർത്തകരേയും ഏകോപിപ്പിച്ച് പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള ചർച്ചകൾ തുടങ്ങി. താരങ്ങൾ തയാറാണെങ്കിൽ സംഘടനയ്ക്ക് നേതൃത്വം നൽകാൻ സിഐടിയു ഒരുക്കമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com