ഹുറൂണ്‍ സമ്പന്നപ്പട്ടിക: മലയാളികളില്‍ വീണ്ടും ഒന്നാമതെത്തി യൂസഫലി

55000 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിൽ 40ആം സ്ഥാനത്താണ് യൂസഫലി
ഹുറൂണ്‍ സമ്പന്നപ്പട്ടിക: മലയാളികളില്‍ വീണ്ടും ഒന്നാമതെത്തി യൂസഫലി
Published on

2024ലെ ഹുറൂൺ സമ്പന്ന പട്ടികയിൽ മലയാളികളിൽ ഒന്നാമനായി വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 55000 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിൽ 40ആം സ്ഥാനത്താണ് യൂസഫലി. 2020ലെ ഹുറൂൺ സമ്പന്ന പട്ടികയിലും യൂസഫലി തന്നെയായിരുന്നു മലയാളികളിൽ ഒന്നാം സ്ഥാനത്ത്.  യൂസഫലിയുടെ ആസ്തിയില്‍ കഴിഞ്ഞ ഒരു വർഷമായി ഇടിവൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ യൂസഫലി ആദ്യ പത്തിലുമുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

42000 കോടി ആസ്തിയോടെ, പട്ടികയിൽ 55ആം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ് മലയാളി സമ്പന്നരിൽ രണ്ടാം സ്ഥാനത്തുള്ളത്. ഒരു വർഷത്തിനിടെ വലിയ കുതിപ്പാണ് ജോയ് ആലുക്കാസിൻ്റെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്. 52 ശതമാനം വളർച്ചയാണ് ജോയ് ആലുക്കാസിന് ഇക്കഴിഞ്ഞ വർഷം ഉണ്ടായത്. 

മലയാളികളുടെ പട്ടികയിൽ മൂന്നാമതുള്ള ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, 38000 കോടി ആസ്തിയോടെ പട്ടികയിൽ 62ആം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള കല്ല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്ല്യാണരാമൻ 37500 കോടി ആസ്തിയോടെ സമ്പന്നപട്ടികയിൽ 65ആം സ്ഥാനത്താണ്. ഹുറൂൺ സമ്പന്നപട്ടികയിൽ ഇത്തവണ 19 മലയാളികളാണ് ഇടം പിടിച്ചത്. 2020ൽ 16 പേരായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

അതേസമയം, സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി. 11.6 ലക്ഷം കോടി ആസ്തിയോടെയാണ് മുകേഷ് അംബാനിയെ അദാനി പിന്തള്ളിയത്. പട്ടികയിൽ 10.1 ലക്ഷം കോടി ആസ്തിയോടെ രണ്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. പട്ടികയിൽ എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ശിവ് നാടാരും കുടുംബവുമാണ് 3.14 ലക്ഷം കോടിയുമായി സമ്പന്ന പട്ടികയിൽ മൂന്നാം സ്ഥാനത്ത്. പട്ടികയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനാവാല കുടുംബം 2.89 ലക്ഷം കോടിയുമായി നാലാം സ്ഥാനത്തും, സൺ ഫാർമസ്യൂട്ടിക്കൽ ഇൻ്റസ്ട്രീസിൻ്റെ ദിലീപ് സാങ്‌വി അഞ്ചാം സ്ഥാനത്തുമുണ്ട്. ഹുറൂൺ പട്ടികയിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി സെപ്‌റ്റോ സഹസ്ഥാപകയായ 21കാരി കൈവല്യ വോറയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com