EXCLUSIVE | ജോലി തേടിയെത്തിയവര്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി; യുദ്ധമുഖത്ത് നിന്നും സഹായമഭ്യര്‍ത്ഥിച്ച് മലയാളികൾ

ജോലി തേടി എത്തിയപ്പോൾ ചതിക്കപ്പെട്ടതോടെയാണ് സൈന്യത്തിൽ ചേരേണ്ടിവന്നതെന്നും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും കുടുങ്ങിക്കിടക്കുന്നവർ ന്യൂസ് മലയാളത്തോട് പറഞ്ഞു
EXCLUSIVE | ജോലി തേടിയെത്തിയവര്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി; യുദ്ധമുഖത്ത് നിന്നും സഹായമഭ്യര്‍ത്ഥിച്ച് മലയാളികൾ
Published on

യുക്രെയ്ൻ-റഷ്യ യുദ്ധമുഖത്ത് നിന്ന് സഹായം തേടി റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ. യുദ്ധത്തിൽ മരിച്ച തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രനൊപ്പം റഷ്യയിലെത്തിയവരാണ് സഹായം അഭ്യർഥിക്കുന്നത്. ജോലി തേടി എത്തിയപ്പോൾ ചതിക്കപ്പെട്ടതോടെയാണ് സൈന്യത്തിൽ ചേരേണ്ടിവന്നതെന്നും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും കുടുങ്ങിക്കിടക്കുന്നവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

തൃശൂർ ചാലക്കുടിയിലെ ഏജന്റ് മുഖേന റഷ്യയിലെത്തിയവരാണ് കുടുങ്ങി കിടക്കുന്ന മലയാളികളെല്ലാം. തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖൻ , കുട്ടനെല്ലൂർ സ്വദേശി ബിനിൽ , മണലൂർ സ്വദേശി ജെയ്ൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി തോമസ് എന്നിവരാണ് സഹായം അഭ്യർത്ഥിക്കുന്നത്.

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ആറു പേരും നിലവിൽ തലസ്ഥാനമായ മോസ്കോയിൽ നിന്നും 1200 കിലോ മീറ്ററിലധികം ദൂരമുള്ള ബഹ്മത് എന്ന സ്ഥലത്തെ പട്ടാള ക്യാമ്പിലാണുള്ളത്. യുദ്ധമുഖമായത് കൊണ്ട് തന്നെ ഏത് സമയത്തും എന്തും സംഭവിക്കാമെന്നുള്ള ഭീതിയിലാണ് ഇവരെല്ലാം. യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ മരിച്ച തൃശൂർ തൃക്കൂർ സ്വദേശി സന്ദീപ് ചന്ദ്രനൊപ്പമാണ് മൂന്ന് പേർ ഇക്കഴിഞ്ഞ ഏപ്രിലിൽ റഷ്യയിലെത്തിയത്. പിന്നീട് സൈന്യത്തിൽ ചേർന്നതോടെ വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിലേക്ക് പലരും മാറ്റപ്പെട്ടു.

ALSO READ: "റഷ്യയുമായി വീട്ടുവീഴ്ചയില്ല, യുദ്ധം അവസാനിപ്പിക്കാൻ പുതിയ പദ്ധതി രൂപീകരിക്കും": വൊളോഡിമിർ സെലൻസ്‌കി

ചെറിയ ജോലികളാണെങ്കിലും മികച്ച ശമ്പളം ലഭിക്കുമെന്നുള്ള വാഗ്ദനത്തിൽ വിശ്വസിച്ചാണ് ആറ് പേരും റഷ്യയിലെത്തിയത്. ഏജന്റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്ന് മനസിലായത്. ഇക്കാര്യങ്ങൾ നാട്ടിലറിയാതിരിക്കാൻ പലരും രഹസ്യമായി സൂക്ഷിച്ചെങ്കിലും സന്ദീപിന്റെ മരണ വാർത്തയോടെ പ്രശ്നങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ഉറ്റവരെ നാട്ടിലെത്തിക്കണമെന്ന് കാട്ടി പലരുടെയും ബന്ധുക്കൾ ഇതിനോടകം വിദേശകാര്യമന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ രണ്ട് രാജ്യങ്ങൾ തമ്മിൽ നയതന്ത്ര പ്രശ്നം കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസിക്ക് വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ തലത്തിൽ അടിയന്തര നീക്കം നടത്തണമെന്നും കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പടുന്നത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com