
ഇംഗ്ലണ്ടിൽ ലേബർ പാർട്ടിയുടെ വിജയത്തിന് തിളക്കം കൂട്ടിയവരിൽ മലയാളി സാന്നിധ്യവും. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിൽ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച സോജൻ ജോസഫാണ് ബ്രിട്ടീഷ് പാർലമൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പതിറ്റാണ്ടുകളായി കൺസർവേറ്റീവ് പാർട്ടിയുടെ കുത്തകയായ മണ്ഡലം പിടിച്ചെടുത്ത സോജൻ 1779 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളി കൂടിയാണ് സോജൻ.
ഇംഗ്ലണ്ടിൻ്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെൻ്റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽനിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ജോസഫ് വിജയിച്ചത്. കൈപ്പുഴ ചാമക്കാലായിൽ ജോസഫിൻ്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് സോജൻ. ബ്രൈറ്റ ജോസഫാണ് സോജൻ്റെ ഭാര്യ . വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.
മാന്നാനം കെ. ഇ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ് സോജൻ.ബാംഗ്ലൂരിൽ നിന്നാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്.
ലേബർ പാർട്ടിയുടെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു സോജൻ ജോസഫ്. തെരേസ മെയ് മന്ത്രിസഭയിൽ മന്ത്രിയും ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിർന്ന ടോറി നേതാവ് ഡാമിയൻ ഗ്രീനെയാണ് സോജൻ തോൽപ്പിച്ചത്.1997 മുതൽ തുടർച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയൻ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം.
പ്രീപോൾ സർവേകൾ സോജൻ്റെ വിജയം പ്രചവചിച്ചിരുന്നു.ലേബർ പാർട്ടിയുടെ 14 വർഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ് കിയർ സ്റ്റാർമറിൻ്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി. എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരി വയ്ക്കുന്ന രീതിയിൽ 650ൽ 410 സീറ്റുകൾ ജയിച്ച്, കേവല ഭൂരിപക്ഷം മറികടന്നാണ് പാർട്ടിയുടെ മുന്നേറ്റം.