
ഡൽഹിയിൽ കൊടും തണുപ്പിൽ രണ്ട് ദിവസം പട്ടിണി കിടന്ന് മലയാളി യുവാവിന് സഹായഹസ്തവുമായി സർക്കാർ. തിരുവനന്തപുരം നെയ്യാർ ഡാമിന് സമീപത്തുള്ള അനിൽകുമാറിൻ്റെ മകൻ ഹരികൃഷ്‌ണനാണ് കേരളഹൗസിന് മുൻപിൽ പട്ടിണിയിലായത്. ഡൽഹിയിൽ വാഹനാപകടത്തിൽ പെട്ടതിന് ശേഷം യുവാവ് ഒറ്റപ്പെട്ട് പട്ടിണിയിലാവുകയായിരുന്നു. വിവരമറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ട് കേരള ഹൗസിൽ ഭക്ഷണവും താമസവും നൽകി.
ഒരു അഭിമുഖത്തിനായി ഡൽഹിയിലെത്തിയതായിരുന്നു ഹരികൃഷ്ണൻ. നിർഭാഗ്യവശാൽ വാഹനാപകടത്തിൽ പെട്ട ഹരികൃഷ്ണൻ്റെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. രണ്ടാഴ്ചയോളം ആർഎംഎൽ ആശുപതിയിൽ ചികിത്സയിൽ കഴിഞ്ഞ ഹരികൃഷ്ണൻ, കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജായി പുറത്തെത്തുന്നത്. ശേഷം പട്ടിണിയിലുമായി.
വിഷയം ശ്രദ്ധയിൽ പെട്ട സർക്കാർ ഹരികൃഷ്ണന് ഭക്ഷണവും താമസസൗകര്യവും ഒരുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഹരികൃഷ്ണനെ നാട്ടിൽ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിടുണ്ടെന്ന് പ്രത്യേകപ്രതിനിധി കെ.വി. തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം ഡൽഹിയിൽ അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. ബുധനാഴ്ച മുതൽ താപനില കുറയാൻ തുടങ്ങി. വെള്ളിയാഴ്ചയോടെ ഇത് 5 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്. ഇത് കണക്കിലെടുത്ത് ഡൽഹിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.