VIDEO | "'എത്രയും വേഗം വീട്ടില്‍ തിരികെയെത്തണം"; ജമ്മു കശ്മീരിൽ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മലയാളി വിദ്യാർഥികൾ

ഇന്നത്തെ ബ്ലാക്ക് ഔട്ടിന്റെ കാര്യം അറിഞ്ഞിരുന്നില്ലെന്നും അതിനാൽ പരിഭ്രാന്തരായെന്നും വിദ്യാർഥികള്‍ പറഞ്ഞു
VIDEO | "'എത്രയും വേഗം വീട്ടില്‍ തിരികെയെത്തണം"; ജമ്മു കശ്മീരിൽ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മലയാളി വിദ്യാർഥികൾ
Published on

പാകിസ്ഥാന്റെ ആക്രമണം ശക്തമായ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മലയാളി വിദ്യാർഥികൾ. 50ഓളം മലയാളി വിദ്യാർഥികൾ ജമ്മുവിലുണ്ടെന്നും സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഇവ‍ർ നാട്ടിലേക്ക് തിരിച്ചുവരാൻ ആ​ഗ്രഹിക്കുന്നവെന്നും ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അന്നാ ഫാത്തിമ പറയുന്നു. എന്നാൽ യാത്രാ സൗകര്യമാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്. ജമ്മു കശ്മീരിലേത് അടക്കം 21 എയർപോർട്ടുകളുടെ പ്രവർത്തനം മെയ് 10 വരെ വ്യോമയാന മന്ത്രാലയം നിർത്തിവെച്ചിരിക്കുകയാണ്. 


ഇന്നത്തെ ബ്ലാക്ക് ഔട്ടിന്റെ കാര്യം അറിഞ്ഞിരുന്നില്ലെന്നും അതിനാൽ പരിഭ്രാന്തരായെന്നും അന്നാ ഫാത്തിമ പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്നും സുരക്ഷാ മുന്നറിയിപ്പുകളൊന്നും വിദ്യാർഥികൾക്ക് ലഭിച്ചിട്ടില്ല. സർവകലാശാലയുടെ ഭാ​ഗത്ത് നിന്ന് വിദ്യാർഥികളെ സുരക്ഷിതരാക്കാനുള്ള നടപടികളുണ്ടായില്ല. വീട്ടുകാരെ കൊണ്ട് വിളിച്ചു ചോദിച്ചപ്പോഴാണ് പരീക്ഷയെ സംബന്ധിച്ച കാര്യങ്ങളെപ്പറ്റി സർവകലാശാല അധികൃതർ സംസാരിക്കാന്‍ തയ്യാറായതെന്നും വിദ്യാർഥിനി ആരോപിക്കുന്നു. സാംബാ ജില്ലയിൽ സർവകലാശാല പരിസരത്തും പിജികളിലുമായാണ് മലയാളി വിദ്യാർഥികൾ താമസിക്കുന്നത്.

അതേസമയം, ഇന്ത്യാ-പാക് സംഘർഷം രൂക്ഷമാകുകയാണ്. ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. എന്നാൽ, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഈ നീക്കത്തെ തടുത്തു. ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്നും പാക് മിസൈലുകളും ഡ്രോണുകളും നിർജീവമാക്കിയെന്നും സൈന്യം അറിയിച്ചു. ഇതിനു പിന്നാലെ ഇന്ത്യൻ വ്യോമ-നാവിക സേനകൾ തിരിച്ചടി ആരംഭിച്ചതായും വാർത്തകള്‍ വരുന്നുണ്ട്. എന്നാല്‍, ഇക്കാര്യം സൈന്യമോ പ്രതിരോധ വകുപ്പോ സ്ഥിരീകരിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com