ഇനി കാര്യങ്ങൾ നേരിട്ട് പറയാം, ദൈവം മറുപടി തരും; എഐ ദേവതയെ അവതരിപ്പിച്ച് ക്ഷേത്രം

എഐ കാരണം ജോലി പോകുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ലോകത്ത് ദൈവം തന്നെ എഐ ഉപയോഗിച്ച് ഭക്തരോട് സംസാരിക്കുന്നു.
ഇനി കാര്യങ്ങൾ  നേരിട്ട് പറയാം, ദൈവം മറുപടി തരും; എഐ  ദേവതയെ അവതരിപ്പിച്ച് ക്ഷേത്രം
Published on

ഇത്രയും കാലം ദൈവത്തെ പ്രാർഥിച്ചിട്ട് ദൈവം അതെല്ലാം കേൾക്കുന്നുണ്ടോ. ഇതിനൊക്കെ മറുപടി കിട്ടുമോ എന്നൊക്കെ ചിന്തിച്ച വിരുതന്മാരുണ്ടാകും. എന്നാ പിന്നെ വിശ്വാസികൾക്ക് ദൈവത്തോട് നേരിട്ട് സംസാരിച്ച് മറുപടി കേൾക്കാൻ ഒന്ന് ട്രെൻ്റിനൊപ്പം പിടിച്ചാലോ എന്ന് ക്ഷേത്രങ്ങൾ ആലോചിച്ചാൽ ഇക്കാലത്ത് കുറ്റം പറയാനാകില്ല.


അതെ ഇപ്പോ മലേഷ്യയിലെ ഒരു ക്ഷേത്രത്തിലെ പരീക്ഷണമാണ് വാർത്തകളിൽ വൈറലായിരിക്കുന്നത്. എല്ലാക്കാലത്തും സാങ്കേതിക വിദ്യകൾക്ക് മറുവശം നിന്നിരുന്ന ദൈവ വിശ്വാസത്തെ എഐ ഉപയോഗിച്ച് ഒന്ന് മോഡേണാക്കിയിരിക്കുകയാണ് ഇവിടെ. എഐ കാരണം ജോലി പോകുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ലോകത്ത് ദൈവം തന്നെ എഐ ഉപയോഗിച്ച് ഭക്തരോട് സംസാരിക്കുന്നു.



ചൈനീസ് കടൽദേവതയായി അറിയപ്പെടുന്ന മാസുവിനാണ് തെക്കൻ മലേഷ്യയിലെ ജോഹോറിലെ ടിയാൻഹൗ ക്ഷേത്രത്തിൽ എഐ വേർഷൻ ഒരുക്കിയിരിക്കുന്നത്. സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ദേവത ഭക്തരോട് സംസാരിക്കുകയും അവരുടെ ആശങ്കകൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യുമത്രെ. പരമ്പരാഗതമായ ചൈനീസ് വേഷം ധരിച്ച ഒരു സുന്ദരിയായ സ്ത്രീയായിട്ടാണ് മാസുവിനെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.

ഭക്തജനങ്ങൾക്ക് ഡിജിറ്റൽ ദേവതയിൽ നിന്ന് നേരിട്ട് അനുഗ്രഹം വാങ്ങിക്കാം. ഒപ്പം ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പങ്കു വയ്ക്കാം. കൗതുകമുള്ള കാര്യം എന്താണെന്നു വച്ചാൽ എഐ ഉടനെ തന്നെ മറുപടി നൽകും.



'രാത്രിയിൽ ഉറക്കമില്ല, എന്താണ് ചെയ്യുക' എന്ന് ചോദിച്ച ഡിജിറ്റൽ ഇൻഫ്ലുവൻസർക്ക് 'രാത്രിയിൽ അല്പം ചൂടുവെള്ളം കുടിച്ചിട്ട് കിടന്നാൽ മതി' എന്നായിരുന്നു ഡിജിറ്റൽ മാസുവിന്റെ മറുപടി. 2025 എപ്രിൽ 20 ന് കടൽ ദേവതയായ മാസുവിന്റെ 1,065 -ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് AI മാസുവിന്റെ ലോഞ്ച് നടന്നത്. ചൈനീസ് സോഷ്യൽ മീഡിയകളിലും വാർത്തകളിലുമെല്ലാം എഐ മാസു ഇതിനോടകം താരമായിക്കഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com