60 വർഷം മുമ്പുണ്ടായ കൊലപാതകം വിവാദമാകുന്നു; മാൽക്കം എക്സിൻ്റെ മരണത്തിൽ യുഎസ് ഏജൻസികൾക്ക് പങ്കുണ്ടെന്ന് മക്കൾ

സിഐഎ, എഫ്ബിഐ, എൻവൈപിഡി എന്നിവയ്ക്കെതിരെ 100 മില്യൺ ഡോളറിൻ്റെ കേസാണ് കുടുംബം ഫയൽ ചെയ്തിരിക്കുന്നത്
60 വർഷം മുമ്പുണ്ടായ കൊലപാതകം വിവാദമാകുന്നു; മാൽക്കം എക്സിൻ്റെ മരണത്തിൽ യുഎസ്  ഏജൻസികൾക്ക് പങ്കുണ്ടെന്ന് മക്കൾ
Published on

60 വർഷം മുമ്പുണ്ടായ ഒരു കൊലപാതകമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 1965ൽ കൊല്ലപ്പെട്ട ആഫ്രോ അമേരിക്കൻ വിപ്ലവകാരിയും മനുഷ്യാവകാശ പ്രവർത്തകനുമായ മാൽക്കം എക്സിൻ്റെ മരണത്തിൽ യുഎസ് ഏജൻസികൾക്ക് പങ്കുണ്ടെന്നാരോപണവുമായി അദ്ദേഹത്തിൻ്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. സിഐഎ, എഫ്ബിഐ, ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റ് (എൻവൈപിഡി) എന്നീ ഏജൻസികൾക്കെതിരെ 100 മില്യൺ ഡോളറിൻ്റെ കേസാണ് കുടുംബം ഫയൽ ചെയ്തിരിക്കുന്നത്.

മാൽക്കം എക്സിൻ്റെ മകളായ ഇല്യാസ ഷബാസയും മറ്റു കുടുംബാംഗങ്ങളുമാണ് സിഐഎ, എഫ്ബിഐ, ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെൻ്റ് എന്നിവർക്കെതിരെ 100 മില്യൺ ഡോളറിൻ്റെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. മാൽക്കമിനെ കൊല്ലാനുള്ള ഗൂഢാലോചന പദ്ധതിയെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നിട്ടും ഏജൻസികൾ തടഞ്ഞില്ലെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ഈ അന്വേഷണം എല്ലാം ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകുമെന്നും കുടുംബത്തിന് നഷ്ട പരിഹാരം കൊടുക്കണമെന്നും കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ബെൻ ക്രംബ് വ്യക്തമാക്കി. എന്നാൽ എഫ്ബിഐ, സിഐഎ തുടങ്ങിയ ഏജൻസികൾ ഈ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിയമപാലകരും കൊലയാളികളും തമ്മിലുള്ള നിയമവിരുദ്ധ ബന്ധം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് മാൽക്കം എക്സിന്‍റെ മകൾ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. കൊലപാതകത്തിനു ദിവസങ്ങൾക്കു മുമ്പ് മാൽക്കമിന്‍റെ അംഗരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിപാടി നടന്ന ബോൾറൂമിൽ നിന്ന് ഉദ്യോഗസ്ഥരെ പൊലീസ് മനപൂർവ്വം മാറ്റുകയും ചെയ്തു. കൊലപാതകസമയത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻ്റുമാർ ബോൾറൂമിൽ ഉണ്ടായിരുന്നിട്ടുപോലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കേസിൽ പറയുന്നുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് തുടരുന്ന തർക്കങ്ങളുടെ പുതിയ വഴിത്തിരിവായിരിക്കും ഇപ്പോഴുയരുന്ന വാദം. കറുത്തവംശജർക്കെതിരെയുള്ള വിവേചനത്തിനെതിരെ പോരാട്ടം നടത്തിയ ആഫ്രോ അമേരിക്കൻ സാമൂഹ്യ പ്രവർത്തകനായിരുന്നു മാൽക്കം എക്സ് എന്നറിയപ്പെടുന്ന മാൽക്കം ലിറ്റിൽ . പിന്നാലെ നേഷൻ ഓഫ് ഇസ്ലാമിൻ്റെ ദേശീയ വക്താവായി മാൽകം മാറി. എന്നാൽ കുറച്ചുകാലത്തിന് ശേഷം സംഘടനയിൽ നിന്ന് പുറത്തുപോയ മാൽക്കമിന് നേരെ നിരവധി വധഭീഷണികൾ നിലനിന്നിരുന്നു.


1965 ൽ ഫെബ്രുവരിയിലാണ് മാൽക്കം കൊല്ലപ്പെടുന്നത്. ന്യൂയോർക്കിൽ ഓഡുബോൺ ബോൾറൂമിലെ ഒരു ചടങ്ങിനിടെ സംസാരിക്കുന്നതിനിടയിൽ ആയുധധാരികളായ മൂന്നുപേർ അദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകികളിലൊരാളായ തൽമദ്‌ഗെ ഹെയർ നേഷൻ ഓഫ് ഇസ്ലാമിൽ അംഗമായിരുന്നുവെന്നും സമ്മതിച്ചിട്ടുണ്ട്. 2021ൽ കേസിലെ രണ്ടുപേരെ കോടതി കുറ്റവിമുക്തരാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com