ഗാസയ്ക്ക് ഐക്യദാര്‍ഢ്യം; ഇസ്രയേല്‍ പൗരന്മാര്‍ക്ക് പ്രവേശനം വിലക്കി മാലിദ്വീപ് സര്‍ക്കാര്‍

ഗാസയില്‍ യുദ്ധം കടുപ്പിച്ച സമയം മുതല്‍ മാലിദ്വീപ് മന്ത്രിസഭ ഇസ്രയേല്‍ പാസ്‌പോര്‍ട്ടിന് വിലക്കേര്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചിരുന്നു.
ഗാസയ്ക്ക് ഐക്യദാര്‍ഢ്യം; ഇസ്രയേല്‍ പൗരന്മാര്‍ക്ക് പ്രവേശനം വിലക്കി മാലിദ്വീപ് സര്‍ക്കാര്‍
Published on


ഗാസയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് പ്രവേശനം വിലക്കി മാലിദ്വീപ് സര്‍ക്കാര്‍. ഇസ്രയേല്‍ പാസ്‌പോര്‍ട്ട് ഉള്ളവരെ മാലിദ്വീപ് അതിര്‍ത്തിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഗാസയിലെ ജനങ്ങളോട് ഐക്യപ്പെട്ടുകൊണ്ടാണ് തീരുമാനമെന്ന് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ ഇമിഗ്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതായും അത് പാര്‍ലമെന്റില്‍ പാസാക്കിയതായതായും സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്.


'പലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളില്‍ മാലദ്വീപ് സര്‍ക്കാര്‍ സ്വീകരിക്കുന്ന കൃത്യമായ നിലപാടിന്റെ ഭാഗമായാണ് തീരുമാനം,'പ്രസ്താവനയില്‍ പറയുന്നു.

2024 ജൂണില്‍ ഗാസയില്‍ യുദ്ധം കടുപ്പിച്ച സമയം മുതല്‍ മന്ത്രിസഭ ഇസ്രയേല്‍ പാസ്‌പോര്‍ട്ടിന് വിലക്കേര്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ത്തിയാകുന്നത് ഇപ്പോഴാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം ഇസ്രയേല്‍ പാസ്‌പോര്‍ട്ടിന് പുറമെ മറ്റു രാജ്യത്തെ പാസ്‌പോര്‍ട്ടും കൈയ്യില്‍ ഉള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം.

ടൂറിസമാണ് മാലിദ്വീപിന്റെ പ്രധാന വരുമാനം. ലക്ഷക്കണക്കിന് പേരാണ് പ്രതിവര്‍ഷം മാലിദ്വീപ് സന്ദര്‍ശിക്കുന്നത്. സര്‍ക്കാര്‍ വിവരങ്ങള്‍ അനുസരിച്ച് 5.6 ബില്യണ്‍ ഡോളറാണ് ടൂറിസത്തിലൂടെ മാലിദ്വീപിന് 2024ല്‍ മാത്രം നേടാനായത്. ഈ വര്‍ഷവും അഞ്ച് ബില്യണ്‍ ഡോളറോളം തന്നെ വരുമാനം മാലിദ്വീപ് പ്രതീക്ഷിക്കുന്നുണ്ട്.

2024ന്റെ ആദ്യ നാല് മാസങ്ങളില്‍ 528 ഇസ്രയേലുകാര്‍ മാത്രമാണ് മാലിദ്വീപ് സന്ദര്‍ശിച്ചെങ്കില്‍ 2023ല്‍ ഇതേസമയം 4,644 പേര്‍ ദ്വീപ് സന്ദര്‍ശിച്ചിരുന്നു. 2023നെ അപേക്ഷിച്ച് 2024ല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം, മാലിദ്വീപ് സന്ദര്‍ശിച്ച മൊത്തം വിനോദ സഞ്ചാരികളില്‍ 0.6 ശതമാനം മാണ് ഇസ്രയേലില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍. കൃത്യമായി പറഞ്ഞാല്‍ 11,000 ഇസ്രയേല്‍ ടൂറിസ്റ്റുകളാണ് സന്ദര്‍ശിച്ചത്. 2025 ഫെബ്രുവരിയില്‍ 214,000 മറ്റു വിദേശികള്‍ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍, 59 ഇസ്രയേല്‍ പൗരന്മാര്‍ മാത്രമാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്.

തുടര്‍ച്ചയായ ഇസ്രയേല്‍ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന മാലിദ്വീപ് സന്ദര്‍ശിക്കരുതെന്ന് 2023 ഡിസംബറില്‍ ഇസ്രയേല്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com