'ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകും'; ലീഗിന് മുന്നറിയിപ്പുമായി മാളിയേക്കൽ സുലൈമാൻ സഖാഫി

ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ഇസ്ലാമിക വിരുദ്ധ പ്രസ്ഥാനങ്ങൾക്കെതിരെ സുന്നി എപി വിഭാഗം ക്യാംപയിൻ നടത്തുമെന്നും സഖാഫി വ്യക്തമാക്കി
മാളിയേക്കൽ സുലൈമാൻ സഖാഫി
മാളിയേക്കൽ സുലൈമാൻ സഖാഫി
Published on



ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ മുസ്ലീം ലീ​ഗിന് മുന്നറിയിപ്പുമായി കാന്തപുരം സുന്നി വിഭാ​ഗം നേതാവ് മാളിയേക്കൽ സുലൈമാൻ സഖാഫി. ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയമായ താൽക്കാലിക ലാഭത്തിനുവേണ്ടി ആര് ന്യായീകരിച്ചാലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സുലൈമാൻ സഖാഫി പറഞ്ഞു.



ജമാഅത്തെ ഇസ്ലാമിക്ക് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ല. ജമാഅത്തെ ഇസ്ലാമിയെ പൊതുമണ്ഡലത്തിലേക്ക് ആര് കൊണ്ടുവന്നാലും മതേതര കേരളം അതിനെ ചെറുക്കണമെന്നും സുലൈമാൻ സഖാഫി പറഞ്ഞു.  ജമാഅത്തെ ഇസ്ലാമിയെ ദൃശ്യവൽക്കരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കൾ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ ജനാധിപത്യത്തെയും മതേതരത്വത്തെയും, ഇന്ത്യൻ ജുഡീഷ്യറിയെയും തള്ളിപ്പറയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ഇസ്ലാമിക വിരുദ്ധ പ്രസ്ഥാനങ്ങൾക്കെതിരെ സുന്നി എപി വിഭാഗം ക്യാംപയിൻ നടത്തുമെന്നും സഖാഫി വ്യക്തമാക്കി.

മുസ്ലീം സമുദായത്തെ 50 കൊല്ലം പിറകോട്ട് വലിക്കുന്ന വാദങ്ങളാണ് ജമാഅത്തെ ഇസ്ലാമിയുടേത്. മുസ്ലിം സമുദായത്തോട് ജമാഅത്തെ ഇസ്ലാമി മാപ്പ് പറയണമെന്നും മാളിയേക്കൽ സുലൈമാൻ സഖാഫി പറഞ്ഞു. സ്ഥാപക നേതാവ് അബുൽ അഅ്ലാ മൗദൂദിയെ തള്ളിപ്പറയാൻ ഒരു ജമാഅത്തെ നേതാവും തയ്യാറാവില്ല. അങ്ങനെ തള്ളിപ്പറയുന്നുണ്ടെങ്കിൽ അത് കാപട്യമാണെന്നും സുലൈമാൻ സഖാഫി കൂട്ടിച്ചേർത്തു.

മുൻപും ജമാഅത്തെ ഇസ്ലാമിയെ വിമ‍ർശിച്ച് മാളിയേക്കൽ സുലൈമാൻ സഖാഫി രം​ഗത്തെത്തിയിരുന്നു. കശ്മീർ താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വർധിച്ചുവെന്നായിരുന്നു അതിലൊരു ആരോപണം. താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദീൻ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണെന്നും സുലൈമാൻ സഖാഫി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുലൈമാൻ സഖാഫിയുടെ ഈ വിമർശനങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com