കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം സുതാര്യമല്ല; വിമർശനമുന്നയിച്ച് മല്ലികാർജുൻ ഖർഗെ

തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ ശേഖരിക്കുന്ന വീഡിയോ തെളിവുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊതുജനം പരിശോധിക്കുന്നത് തടയാനാണ് കേന്ദ്രം തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി വരുത്തിയതെന്ന് മല്ലികാർജുൻ ഖർഗെ ആരോപിച്ചു
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം സുതാര്യമല്ല; വിമർശനമുന്നയിച്ച് മല്ലികാർജുൻ ഖർഗെ
Published on

തെരഞ്ഞെടുപ്പ് ചട്ട ഭേദഗതിയിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായല്ല പ്രവർത്തിക്കുന്നതെന്നും ഖർഗെ വിമർശനമുന്നയിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ ശേഖരിക്കുന്ന വീഡിയോ തെളിവുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊതുജനം പരിശോധിക്കുന്നത് തടയാനാണ് കേന്ദ്രം തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി വരുത്തിയതെന്ന് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. കമ്മീഷൻ്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രം ചട്ടം ഭേദഗതി ചെയ്തത്. രേഖകളുടെ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണമെങ്കിലും തെരഞ്ഞെടുപ്പ് സുതാര്യത ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതെന്ന് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.



"ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണിത്. നേരത്തെ,അവർ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സെലക്ഷൻ പാനലിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നീക്കി. ഇപ്പോൾ തെരഞ്ഞെടുപ്പ് രേഖകളിലേക്ക് കൂടി കല്ലെറിയുകയാണ് കേന്ദ്രം" - ഖർഗെ എക്സിൽ കുറിച്ചു.



അർധ ജുഡീഷ്യൽ ബോഡി ആയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പെരുമാറുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണിത്. അവ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖർഗെ വ്യക്തമാക്കി. ചട്ട ഭേദഗതിയെ നിയമപരമായി പാർട്ടി നേരിടുമെന്ന് കോൺഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും പറഞ്ഞു. കമ്മീഷൻ്റെ നടപടികൾ‍ക്കു വിശ്വാസ്യത നഷ്ടപ്പെട്ടതിൻ്റെ പുതിയ ഉദാഹരണമാണിത്. സുതാര്യതയെ എന്തിനാണ് കമ്മീഷനും സര്‍ക്കാരും ഭയപ്പെടുന്നതെന്നും ജയറാം രമേശ് ചോദിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com