മണിപ്പൂരില്‍ മോദിയുടെ പരാജയം പൊറുക്കാനാവാത്തത്; മല്ലികാർജുൻ ഖാർഗെ

സംസ്ഥാനത്ത് അക്രമം അവസാനിപ്പിക്കാൻ മോദി ആഗ്രഹിക്കുന്നില്ലേ എന്നാണ് മണിപ്പൂരിലെ ജനങ്ങൾ ചോദിക്കുന്നതെന്നും ഖാർഗെ പറഞ്ഞു
മണിപ്പൂരില്‍ മോദിയുടെ പരാജയം പൊറുക്കാനാവാത്തത്; മല്ലികാർജുൻ ഖാർഗെ
Published on

മണിപ്പൂരിൽ അക്രമം രൂക്ഷമായതിന് പിന്നാലെ കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂരിൽ സമാധാനം കൊണ്ടു വരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സംഭവിച്ച ദയനീയ പരാജയം പൊറുക്കാനാവാത്തതാണെന്ന് ഖാർഗെ പറഞ്ഞു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ പിരിച്ചുവിടണമെന്നും അക്രമത്തിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

അക്രമം ആരംഭിച്ച് 16 മാസമായിട്ടും ഒരു നിമിഷം പോലും മണിപ്പൂരിൽ മോദി നിന്നിട്ടില്ല. ഇപ്പോൾ സംസ്ഥാനത്ത് അക്രമങ്ങൾ നിയന്ത്രിക്കാനാവാത്ത വിധം തുടരുമ്പോഴും, മോദി-അമിത് ഷാ കൂട്ടുക്കെട്ടിന്റെ അനന്തരഫലങ്ങൾ ജനങ്ങൾ അനുഭവിച്ചുക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് അക്രമം അവസാനിപ്പിക്കാൻ മോദി ആഗ്രഹിക്കുന്നില്ലേ എന്നാണ് മണിപ്പൂരിലെ ജനങ്ങൾ ചോദിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.

ALSO READ: മണിപ്പൂരിലെ ജിരിബാമിൽ വീണ്ടും ഏറ്റുമുട്ടൽ: 6 പേർ കൊല്ലപ്പെട്ടു

മണിപ്പൂരിലെ വംശീയ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണ കമ്മീഷൻ്റെ അന്വേഷണം വേഗത്തിലാക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. അക്രമത്തെ കുറിച്ച് അന്വേഷിക്കുന്ന സിബിഐയെയും എൻഐഎയെയും മറ്റ് ഏജൻസികളെയും മോദി സർക്കാർ ദുരുപയോഗം ചെയ്യരുത് എന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെപ്പോലെ, മണിപ്പൂരിൽ സുരക്ഷ ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉപേക്ഷിച്ചു. അദ്ദേഹം തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ റാലികൾ നടത്തുന്ന തിരക്കിലാണെന്നും അദ്ദേഹം വിമർശിച്ചു.

മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ വിമർശനം. സംസ്ഥാനത്തെ ജിരിബാം ജില്ലയിൽ ശനിയാഴ്ച നടന്ന അക്രമത്തിൽ 6 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് സമുദായങ്ങൾ തമ്മിൽ നടന്ന വെടിവെപ്പിലാണ് നാലു പേർ കൊല്ലപ്പെട്ടത്. ഒരാളെ ഉറങ്ങുന്നതിനിടെ വീട്ടിൽ കയറി വെടിവെച്ച് കൊല്ലുകയായിരുന്നു.

ഇതിനെ തുടർന്ന് ഇരു സമുദായങ്ങളിലെ സായുധരായ ആളുകൾ തമ്മിൽ കനത്ത വെടിവെപ്പ് നടന്നു. കഴിഞ്ഞ ദിവസം മണിപ്പൂരിലെ ബിഷ്ണുപ്പൂർ ജില്ലയിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം നടന്നത്.

കഴിഞ്ഞ മെയ് മുതൽ കുക്കി-മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുമ്പോഴും ജിരിബാമിൽ വംശീയ കലാപങ്ങളൊന്നും നടന്നിരുന്നില്ല. എന്നാൽ ഈ വർഷം ജൂണിൽ ഒരു സമുദായത്തിലെ 59 കാരൻ മറ്റൊരു വിഭാഗത്തിൽ നിന്നുള്ള ആളുകളാൽ കൊല്ലപ്പെട്ടതാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com