ഇന്ത്യയില്‍ മാത്രം എന്തുകൊണ്ട് EVM? നമ്മള്‍ ബാലറ്റിലേക്ക് മടങ്ങണം; മോദിയുടെ കാലത്ത് ഭരണഘടനാ മൂല്യങ്ങള്‍ തകരുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും പ്രവര്‍ത്തിക്കാത്ത നേതാക്കള്‍ വീട്ടിലിരിക്കണമെന്നും ഖാർഗെ വിമര്‍ശിച്ചു.
ഇന്ത്യയില്‍ മാത്രം എന്തുകൊണ്ട് EVM? നമ്മള്‍ ബാലറ്റിലേക്ക് മടങ്ങണം; മോദിയുടെ കാലത്ത് ഭരണഘടനാ മൂല്യങ്ങള്‍ തകരുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Published on


എഐസിസി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭരണാഘടനാ സ്ഥാപനങ്ങളും ഭരണഘടനാ മൂല്യങ്ങളും മോദി ഭരണത്തില്‍ അടിമറിക്കപ്പെടുകയാണ്. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിലടക്കം അട്ടിമറി നടന്നു. രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരിനും സച്ചിന്‍ പൈലറ്റിനും സമ്മേളനത്തില്‍ വലിയ പരിഗണനയാണ് കിട്ടിയത്. പ്രവര്‍ത്തിക്കാത്ത നേതാക്കള്‍ വീട്ടില്‍ ഇരിക്കണമെന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശവും ശ്രദ്ധേയമായി.

ഇന്ത്യയില്‍ മാത്രം എന്തുകൊണ്ട് ഇവിഎം? സാങ്കേതിക വിദ്യ ഉപയോഗിച്ച് തെളിയിക്കാനാകാത്ത വിധം തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും അട്ടിമറി നടന്നു. വികസിത രാജ്യങ്ങള്‍ പോലും ബാലറ്റിലേക്ക് തിരികെയെത്തി. ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവും ഖാര്‍ഗെ കെട്ടഴിച്ചുവിട്ടു. രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളെല്ലാം കോണ്‍ഗ്രസ് ഭരണകാലത്ത് നിര്‍മിച്ചതാണ്. ഇപ്പോള്‍ എല്ലാത്തിന്റേയും ശില്‍പി താനാണെന്ന് മോദി പറയുന്നു. പരിഹാസ്യമാണിത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ മോദി അദ്ദേഹത്തിന്റ സുഹൃത്തുക്കള്‍ക്ക് വിറ്റുതുലയ്ക്കുകയാണ്.

മോദി ഭരണകാലത്ത് ഭരണഘടനാ മൂല്യങ്ങള്‍ തകരുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായി. യുവാക്കള്‍ തൊഴില്‍തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. അങ്ങനെ പോയവരെയാണ് വിലങ്ങ് അണിയിച്ച് അവര്‍ തിരിച്ചയച്ചത്. പക്ഷേ മാധ്യമങ്ങള്‍ക്ക് മോദിയെ വിമര്‍ശിക്കാന്‍ ഭയമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഊര്‍ജം പാര്‍ട്ടിക്ക് ശക്തിയാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും ഖാര്‍ഗെ പറഞ്ഞു. പ്രവര്‍ത്തിക്കാത്ത നേതാക്കള്‍ വീട്ടിലിരിക്കണമെന്നും വിമര്‍ശിച്ചു.

അതേസമയം ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റിനും ശശി തരൂരിനും വലിയ പരിഗണനയാണ് എഐസിസി സമ്മേളനത്തില്‍ കിട്ടിയത്. ഇരുവരേയും പ്രമേയാവതരണത്തിനും പ്രസംഗത്തിനും ആദ്യം തന്നെ ക്ഷണിച്ചു. വള്ളത്തോള്‍ കവിത ചൊല്ലിയുള്ള തരൂരിന്റെ പ്രസംഗവും സമ്മേളനത്തില്‍ ശ്രദ്ധേയമായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com