ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെ,സമാനതകളില്ലാത്ത സാമ്പത്തിക വിദഗ്ധൻ; ഓർമകളുമായി മല്ലികാർജുൻ ഖാർഗെ

മൻമോഹൻ സിംഗിന്റെ സാമ്പത്തിക ഉദാരവത്‌കരണ നയവും ക്ഷേമ പദ്ധതികളും കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ചെന്നും ഖാർഗെ എക്സിൽ കുറിച്ചു
ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെ,സമാനതകളില്ലാത്ത 
സാമ്പത്തിക വിദഗ്ധൻ; ഓർമകളുമായി മല്ലികാർജുൻ ഖാർഗെ
Published on



മൻമോഹൻ സിങ്ങിൻ്റെ മരണത്തിൽ ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമാനതകളില്ലാത്ത ഒരു സാമ്പത്തിക വിദഗ്ധനെയാണ് നഷ്ടമായത്. മൻമോഹൻ സിംഗിന്റെ സാമ്പത്തിക ഉദാരവത്‌കരണ നയവും ക്ഷേമ പദ്ധതികളും കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ചെന്നും ഖാർഗെ എക്സിൽ കുറിച്ചു.

അദ്ദേഹത്തിൻ്റെ സാമ്പത്തിക ഉദാരവൽക്കരണ നയവും അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ഷേമ മാതൃകയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ മാറ്റിമറിച്ചു. ഇന്ത്യയിൽ ഒരു മധ്യവർഗത്തെ സൃഷ്ടിക്കാനും കോടിക്കണക്കിനാളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും മൻമോഹൻ സിങ്ങന് സാധിച്ചെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

വാക്കുകളേക്കാൾ പ്രവർത്തിക്ക് പ്രാധാന്യം നൽകിയ ഒരു മനുഷ്യൻ. രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും  രേഖപ്പെടുത്തപ്പെടും. തൊഴിൽ മന്ത്രി, റെയിൽവേ മന്ത്രി, സാമൂഹ്യക്ഷേമ മന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ മന്ത്രിസഭയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും ഖാർഗെ കുറിച്ചു.

അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എണ്ണമറ്റ ആരാധകർക്കും അഗാധവും ഹൃദയംഗമവുമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വലിയ നഷ്ടം തരണം ചെയ്യാനുള്ള കരുത്ത് അവർക്ക് ലഭിക്കട്ടെ. ഇന്ത്യയുടെ വളർച്ച, ക്ഷേമം, ഉൾക്കൊള്ളുന്ന നയങ്ങൾ എന്നിവയിലേക്ക് നയിച്ച അദ്ദേഹത്തിൻ്റെ ശാശ്വതമായ പൈതൃകം എന്നെന്നേക്കുമായി വിലമതിക്കപ്പെടുമെന്നും മല്ലികാർജുൻ ഖാർഗെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം ഇന്ത്യയെ സത്യസന്ധതയോടെ ഭരിച്ച നേതാവിനെയാണ് നഷ്ടമായതെന്നാണ് രാഹുൽ ഗാന്ധിയുടെ പോസ്റ്റിൽ കുറിച്ചത്. തനിക്ക് ഉപദേശകനെയും വഴികാട്ടിയേയുമാണ് നഷ്ടമായതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. മൻമോഹൻ സിംഗിന്റെ സത്യസന്ധത എല്ലായ്പ്പോഴും പ്രചോദനമായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധിയും എക്സിൽ കുറിച്ചു. വ്യക്തിപരമായ ആക്രമണങ്ങളെ അവഗണിച്ച് പ്രതിബദ്ധതയോടെ രാഷ്ട്രത്തെ സേവിച്ച നേതാവാണ് വിടവാങ്ങിയത്. ഈ രാജ്യത്തെ യഥാർഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നും തലയുയർത്തി നിൽക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വ്യാഴാഴ്ച രാത്രി ഡൽഹി എയിംസിൽ വെച്ചായിരുന്നു മൻമോഹൻ സിങ്ങിൻ്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും പാർട്ടിയിലെ മറ്റ് നേതാക്കളും വൈകുന്നേരത്തോടെ എയിംസിലെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com