മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണനെതിരായ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി ചാര്‍ജ് മെമോ

ഉദ്യോഗസ്ഥന്‍ പൊലീസിന് നല്‍കിയ സ്‌ക്രീന്‍ ഷോട്ടും, റിപ്പോര്‍ട്ടും ചാര്‍ജ് മെമോയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണനെതിരായ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി ചാര്‍ജ് മെമോ
Published on


മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണനെതിരായ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി ചാര്‍ജ് മെമോ. ഐഎഎസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് മാത്രമാണ് മെമോയില്‍ പറയുന്നത്.

ഗോപാലകൃഷ്ണന്‍ പൊലീസില്‍ വ്യാജ പരാതി നല്‍കിയതും മുസ്ലീം ഗ്രൂപ്പ് ഉണ്ടാക്കിയതും ചാര്‍ജ് മെമോയില്‍ ഉള്‍പ്പെടുത്തിയില്ല. ഉദ്യോഗസ്ഥന്‍ പൊലീസിന് നല്‍കിയ സ്‌ക്രീന്‍ ഷോട്ടും, റിപ്പോര്‍ട്ടും ചാര്‍ജ് മെമോയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്ന് തെളിയിക്കാന്‍ ആയിട്ടില്ലെന്നും അതിനാല്‍ ഗ്രൂപ്പ് അംഗങ്ങള്‍ മാത്രം പരാതി നല്‍കിയാല്‍ കേസെടുക്കാമെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് 'മല്ലു ഹിന്ദു' എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് കെ. ഗോപാലകൃഷ്ണന് എതിരായ ആരോപണം.

ഗോപാലകൃഷ്ണന്‍ അഡ്മിനായ ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഗ്രൂപ്പ് ഡിലീറ്റായതിന് പിന്നാലെ, തന്റെ മൊബൈല്‍ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നായിരുന്നു ഗോപാകൃഷ്ണന്റെ വാദം. ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌തെന്നും, മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടന്‍ തന്നെ ഫോണ്‍ മാറ്റുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ ഐഎഎസ് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശം.

സര്‍വീസിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കിക്കൊണ്ടായിരുന്നു ഗ്രൂപ്പ്. അംഗങ്ങളില്‍ ചിലര്‍ വാട്സ് ആപ് ഗ്രൂപ്പിനെപ്പറ്റിയുള്ള ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചതായും സൂചനയുണ്ട്. അതിനു ശേഷമാണ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുന്നത്. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഹാക്കിങ് നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഹാക്കിങ് വാദം തള്ളി മെറ്റയും രംഗത്തെത്തിയിരുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഐഎഎസ് തലത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചുവെന്ന് കാട്ടി കെ.ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗോപാലകൃഷ്ണനെതിരെ ഗുരുതര പരാമര്‍ശങ്ങളായിരുന്നു ഉണ്ടായിരുന്നത്. കെ. ഗോപാലകൃഷ്ണന്‍ സിവില്‍ സര്‍വീസ് തലത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു എന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കേണ്ടെന്ന് കണ്ടെത്തിയത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com