'മല്ലു ഹിന്ദു' വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം: കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണം

തിരുവനന്തപുരം സിറ്റി നാർക്കോടിക് സെൽ എസിപിക്കാണ് അന്വേഷണ ചുമതല
'മല്ലു ഹിന്ദു' വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം: കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണം
Published on

മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന്‍റെ പേരില്‍ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം.  തിരുവനന്തപുരം സിറ്റി നാർക്കോടിക് സെൽ എസിപിക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമെടുക്കുക. കേസെടുക്കാമെന്ന നിയമോപദേശത്തിൽ വ്യക്തത കുറവുള്ളതിനാലാണ് പ്രാഥമിക അന്വേഷണമെന്നാണ് പൊലീസ് പറയുന്നത്.

മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേർത്ത് 'മല്ലു ഹിന്ദു' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് കെ. ഗോപാലകൃഷ്ണന് എതിരായ ആരോപണം. ഗോപാലകൃഷ്ണന്‍ അഡ്മിനായ ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഗ്രൂപ്പ് ഡിലീറ്റായതിന് പിന്നാലെ, തന്‍റെ മൊബൈല്‍ ഫോണ്‍ ആരോ ഹാക്ക് ചെയ്തു. ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തെന്നും, മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്‌തെന്നും ഉടന്‍തന്നെ ഫോണ്‍ മാറ്റുമെന്നുമാണ് ഗോപാലകൃഷ്ണന്‍ ഐഎഎസ് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശം.

സര്‍വീസിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കിക്കൊണ്ടായിരുന്നു ഗ്രൂപ്പ്. അംഗങ്ങളില്‍ ചിലര്‍ വാട്‌സ് ആപ് ഗ്രൂപ്പിനെപ്പറ്റിയുള്ള ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചതായും സൂചനയുണ്ട്. അതിന് ശേഷമാണ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുന്നത്. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഹാക്കിങ് നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഹാക്കിങ് വാദം തള്ളി മെറ്റയും രംഗത്തെത്തിയിരുന്നു.

ഐഎഎസ് തലത്തിൽ വർഗീയ ചേരിതിരിവിന് ശ്രമിച്ചുവെന്ന് കാട്ടി കെ. ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ ഉത്തരവില്‍ ഗോപാലകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളായിരുന്നു ഉണ്ടായിരുന്നത്. കെ. ഗോപാലകൃഷ്ണൻ സിവിൽ സർവീസ് തലത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നും അഖിലേന്ത്യ സർവീസ് ചട്ടങ്ങള്‍ ലംഘിച്ചു എന്നുമാണ് ഉത്തരവില്‍ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com