
മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയ രണ്ടു മന്ത്രിമാർ അറസ്റ്റിൽ. പരിസ്ഥിതി മന്ത്രിയായ ഷംനാസ് സലീമും ഷംനാസിന്‍റെ മുൻഭർത്താവും പ്രസിഡന്‍റിന്‍റെ ഓഫിസിന്‍റെ ചുമതലയുള്ള മന്ത്രിയുമായ ആദം റമീസുമാമണ് അറസ്റ്റിലായത്. പ്രസിഡന്‍റുമായി അടുപ്പത്തിലാകാൻ ദുർമന്ത്രവാദം നടത്തി എന്നാണ് മാലിദ്വീപ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഇക്കഴിഞ്ഞ ജൂൺ 23നാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസ് ഷംനാസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന തളികകളും മറ്റും പിടിച്ചെടുത്തിരുന്നു. തുടർന്ന് ഷംനാസിനെയും ആദം റമീസിനേയും സസ്പെൻഡ് ചെയ്തതായും മാലിദ്വീപ് മന്ത്രാലയം അറിയിച്ചു. മുയിസുവുമായി വളരെ അടുത്ത ബന്ധമുള്ള ആദം റമീസ് ഏതാനും മാസങ്ങളായി പ്രസിഡൻ്റിനൊപ്പം ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ദുർമന്ത്രവാദം നടത്തിയതെന്നാണ് ആരോപണം.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ അഹമ്മദ് ഷിഫാൻ പറഞ്ഞു. എന്നാൽ വിഷയത്തിൽ മാലിദ്വീപ് സർക്കാരോ പ്രസിഡൻ്റിൻ്റെ ഓഫീസോ ഇതുവരെ ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല. നേരത്തെ മുഹമ്മദ് മുയിസുവിനൊപ്പം മെയിൽ സിറ്റി കൗൺസിൽ അംഗമായി ഷംനാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാലിദ്വീപ് പ്രസിഡൻ്റായി മുയിസു തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കൗൺസിലിൽ നിന്ന് രാജിവച്ച ഷംനാസിനെ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയിൽ സംസ്ഥാന മന്ത്രിയായി നിയമിക്കുകയായിരുന്നു. പിന്നീടാണ് പരിസ്ഥിതി മന്ത്രാലയത്തിലേക്ക് മാറ്റിയത്.