
ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ ഡോക്ടര്‍മാര്‍മാരുടെ പ്രതിഷേധം നടക്കുന്നിടത്തേക്ക് അപ്രതീക്ഷിതമായി എത്തിയാണ് മമത ബാനര്‍ജി ഡോക്ടര്‍മാരെ അഭിസംബോധന ചെയ്തത്.
'വിദ്യാര്‍ഥി പ്രതിഷേധത്തിന് മുന്നില്‍ ഞാന്‍ നേരിട്ട് എത്തിയിരിക്കുകയാണ്. ഞാനും എന്റെ ജീവിതത്തില്‍ കുറേ അനുഭവിച്ചിട്ടുണ്ട്. എന്റെ സ്ഥാനത്തെക്കുറിച്ച് ഞാന്‍ ആശങ്കാകുലയല്ല, ഇന്നലെ മഴയത്തും നിങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. പക്ഷെ അപ്പോള്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ കേട്ടതിന് ശേഷം അത് കൃത്യമായി പഠിക്കും. സര്‍ക്കാരില്‍ നിന്ന് ഞാന്‍ ഒറ്റയ്ക്ക് ഓടിപോകില്ല. എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കും. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടും. കുറച്ചു സമയം മാത്രമാണ് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. സര്‍ക്കാര്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഒരു നടപടിയും എടുക്കില്ല. നിങ്ങളോട് ജോലിക്ക് തിരിച്ചു കയറാനാണ് ഞാന്‍ അപേക്ഷിക്കുന്നത്. എല്ലാ ആവശ്യങ്ങളും പരിഹരിക്കപ്പെടും,' മമത പറഞ്ഞു.
മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് നേരത്തെ തന്നെ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി സമയം മുതല്‍ ആശുപത്രികളിലെ സുരക്ഷ വരെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് മമത ബാനര്‍ജി അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം തുടരണമെന്നില്ലെന്നും ജന താത്പര്യം മാനിക്കുമെന്നുമാണ് മമത ബാനര്‍ജി പറഞ്ഞത്. വനിത ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്നും പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് ജോലിയില്‍ തിരിച്ചു കയറണമെന്നും ജനങ്ങള്‍ക്ക് വൈദ്യ ചികിത്സ ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.
ജൂനിയര്‍ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തിലായിരുന്നു മമത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ വിരുദ്ധ സന്ദേശങ്ങള്‍ പെരുകുന്നതും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി. നമ്മുടെ സര്‍ക്കാര്‍ അപമാനിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ക്ക് രാഷ്ട്രീയ നിറം ഉണ്ടെന്ന് സാധാരണക്കാര്‍ക്ക് അറിയില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നീതി വേണ്ടെന്നും അവര്‍ പറഞ്ഞു.