
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വീണ്ടും ബംഗാള്‍ ഗവർണർ സിവി ആനന്ദ ബോസ്. തന്നെ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ കഴിയില്ലെന്നും നുണകളിലൂടെ സ്വഭാവഹത്യ നടത്താൻ മമതയ്ക്ക് അവകാശമില്ലെന്നും ഗവർണർ പറഞ്ഞു.
മമത ബാനർജി എല്ലാ പരിധികളും ലംഘിച്ചുവെന്ന് എഎന്‍ഐയോട് ഗവർണർ പറഞ്ഞു. "അവർ പരിഷ്കൃത സമൂഹത്തിന് ചേരും വിധം പ്രവർത്തിക്കണം. ഒരു മുഖ്യമന്ത്രിയെന്ന നിലയിലും ഭരണഘടനാപരമായി എന്‍റെ സഹപ്രവർത്തകയെന്ന നിലയിലും അവർക്ക് ഞാന്‍ എല്ലാ ബഹുമാനവും നൽകിയിട്ടുണ്ട്. എന്നാല്‍ ആരെയും ഉപദ്രവിക്കാനും സ്വഭാവഹത്യ നടത്താനും കഴിയുമെന്നൊരു തോന്നല്‍ അവർക്കുണ്ട്. മമത ബാനർജിയെപ്പോലുള്ള ഒരു വ്യക്തിയ്ക്ക് മുന്നില്‍ സമരസപ്പെടുന്നതല്ല എന്‍റെ കഥാപാത്രം." ഗവർണർ പറഞ്ഞു.
താനുമായി വ്യത്യാസങ്ങളുണ്ടെങ്കില്‍ ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ അത് പരിപാലിക്കാന്‍ ഭരണഘടനാ വ്യവസ്ഥകളുണ്ടെന്നും തന്‍റെ ആത്മാഭിമാനം ഹനിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.
" ഒരു വ്യക്തിയെന്ന നിലയിൽ നുണകളിലൂടെ സ്വഭാവഹത്യ ചെയ്യാൻ അവര്‍ക്ക് അവകാശമില്ല. ഇത് മെഗാലോമാനിയയല്ല, 'മമത മാനിയയാണ്'. അത് സഹിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയായ മമത ബാനർജിക്കെതിരെ ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യും." ഗവർണർ കൂട്ടിച്ചേർത്തു.
രാജ്ഭവനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന മമത ബാനർജിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബോസിന്‍റെ പരാമർശം.
സംസ്ഥാനത്തിന്‍റെ അവസ്ഥയെക്കുറിച്ച് സംസാരിച്ച ബോസ്, പശ്ചിമ ബംഗാളിലെ സാമ്പത്തിക തകർച്ച അസ്വസ്ഥതയുളവാക്കുന്നതാണെന്നും സംസ്ഥാനത്തിന്‍റെ പൊതു ധനകാര്യ സ്ഥിതി ദുർഘടാവസ്ഥയിലാണെന്നും പറഞ്ഞു.