
മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസില്‍ അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനത്തില്‍ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന് അതൃപ്തി. മലപ്പുറം എസ്‌പി. ശശിധരനും കോഴിക്കോട് കമ്മീഷണറും നിര്‍ദേശം അവഗണിച്ചതിനാലാണ് ഡിജിപിക്ക് അതൃപ്തി. ഡിജിപി വിലക്കിയിട്ടും അന്വേഷണ റിപ്പോര്‍ട്ടുകള്‍ എഡിജിപി വഴിയാണ് അയച്ചത്. ഇരുവരോടും വിശദീകരണം തേടാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
വിവാദങ്ങളുണ്ടായപ്പോഴാണ് ഡിജിപി വിശദീകരണത്തിന് നിര്‍ദേശം നല്‍കിയത്. ഡിഐജിയോ ഐജിയോ വഴി റിപ്പോര്‍ട്ട് അയക്കാനായിരുന്നു ഡിജിപിയുടെ നിര്‍ദേശം. എന്നാല്‍, വിലക്കുണ്ടായിട്ടും റിപ്പോര്‍ട്ടുകള്‍ എഡിജിപി വഴി അയക്കുന്നത് അന്വേഷണ സംഘം തുടര്‍ന്നു. നിലമ്പൂർ എംഎല്‍എ പി.വി. അന്‍വറിന്‍റെ എഡിജിപിക്ക് എതിരായ ആരോപണങ്ങളെ തുടർന്നായിരുന്നു ഡിജിപിയുടെ നിർദേശം. മാമി തിരോധാന കേസില്‍ എഡിജിപിക്ക് ബന്ധമുണ്ടെന്നായിരുന്നു പി.വി. അന്‍വറിന്‍റെ ആരോപണം.
ALSO READ: IMPACT | റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി; വൈകുന്നേരത്തോടെ കേരളത്തില്‍
2023 ഓഗസ്റ്റ് 22നാണ് കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്. ഓഗസ്റ്റ് 21ന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെന്‍റില്‍ നിന്നും ഇറങ്ങിയ ശേഷം ബന്ധുക്കൾ മാമിയെ കണ്ടിട്ടില്ല. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിരുന്നു. ഇവിടെ നിന്നും അന്വേഷണം അക്ഷരാർഥത്തില്‍ വഴിമുട്ടി. കോഴിക്കോട് ജില്ലയില്‍ മൊബൈല്‍ ടവർ ഡംപ് പരിശോധന അടക്കം നടത്തിയെങ്കിലും അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. പിന്നീട് അന്വേഷണത്തിൻ്റെ പല ഘട്ടത്തിലും കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്നാണ് മാമിയുടെ കുടുംബത്തിന്‍റെ ആരോപണം. എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്.
തിരോധാന കേസിൽ കുടുംബം ക്രൈംബ്രാഞ്ചിന് പരാതി നൽകി. കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മാമിയുടെ മകൾ അദീബയുടെ മൊഴി രേഖപ്പെടുത്തി. ആട്ടൂരിൻ്റെ മകളും ആക്ഷൻ കമ്മിറ്റിയും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റേഞ്ച് ഐജി പി. പ്രകാശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.