മാമി തിരോധാനം: കേസ് സിബിഐക്ക് വിടാൻ ഡിഐജിക്ക് റിപ്പോർട്ട് നൽകിയെന്ന് മലപ്പുറം എസ്.പി

അൻവറിൻ്റെ മരം മുറി ആരോപണത്തിൽ ഒന്നും പറയാനില്ലെന്നും എസ്‍പി ശശിധരൻ പറഞ്ഞു
മാമി തിരോധാനം: കേസ് സിബിഐക്ക് വിടാൻ ഡിഐജിക്ക് റിപ്പോർട്ട് നൽകിയെന്ന് മലപ്പുറം എസ്.പി
Published on


കോഴിക്കോട് മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് സിബിഐക്ക് വിടാനുള്ള റിപ്പോർട്ട് നൽകിയെന്ന് മലപ്പുറം എസ്‍പി എസ്. ശശിധരൻ പറഞ്ഞു. ഡി ഐ.ജിക്ക് ആണ് റിപ്പോർട്ട് കൈമാറിയത്. മാമിയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് പി.വി. അൻവർ എംഎൽഎ ആരോപിച്ചതിന് പിന്നാലെയാണ് നടപടി. കേസ് സിബിഐ അന്വേഷിക്കണമെന്ന് മാമിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പി.വി. അൻവറിൻ്റെ മരം മുറി ആരോപണത്തിൽ ഒന്നും പറയാനില്ലെന്നും എസ് പി ശശിധരൻ പറഞ്ഞു.

2023 ഓഗസ്റ്റ് 22നാണ് കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്. ഓഗസ്റ്റ് 21ന് കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെന്‍റില്‍ നിന്നും ഇറങ്ങിയ ശേഷം ബന്ധുക്കൾ മാമിയെ കണ്ടിട്ടില്ല. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി ഉണ്ടായിരുന്നതിന്‍റെ തെളിവ് ലഭിച്ചിരുന്നു.

ഇവിടെ നിന്നും അന്വേഷണം അക്ഷരാർഥത്തില്‍ വഴിമുട്ടി. കോഴിക്കോട് ജില്ലയില്‍ മൊബൈല്‍ ടവർ ഡംപ് പരിശോധന അടക്കം നടത്തിയെങ്കിലും അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. പിന്നീട് അന്വേഷണം പല ഘട്ടത്തിലും അത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്.

ALSO READ: 'മാമിയെ കൊണ്ടുപോയി കൊന്നു... കൊന്നതായിരിക്കും'; മുഹമ്മദ് ആട്ടൂര്‍ തിരോധാനത്തില്‍ അന്‍വറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്നാണ് മാമിയുടെ കുടുംബത്തിന്‍റെ ആരോപണം. മാമിയെ കാണാതായ കേസിൽ അജിത് കുമാറിനെ സംശയിക്കുന്നതായും മാമിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇത്രയും നാളായിട്ടും കേസിൽ ഒരു തുമ്പും കണ്ടെത്തിയിട്ടില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കടക്കം കുടുംബം പരാതി നൽകി. ഇതിന് ശേഷം കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നിട്ടും യാതൊരു തെളിവും ലഭിക്കാത്തത് അന്വേഷണ സംഘത്തിൻ്റെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്.

നിലമ്പൂർ എംഎല്‍എ അന്‍വറിന്‍റെ ആരോപണങ്ങളാണ് മാമിയുടെ തിരോധാനം വീണ്ടും ചർച്ചാവിഷയമാക്കിയത്. "എം.ആര്‍‌. അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തോടെയാണ് പറയുന്നത്. വാദിയും പ്രതിയും നിങ്ങളുടെ മുന്നില്‍ വരും. അതൊക്കെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടിട്ടാണ്. അതിനുപുറമേ, മാമിയെന്ന് പറയുന്ന കോഴിക്കോട്ടത്തെ കച്ചവടക്കാരന്‍. ഒരു വര്‍ഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നു, കൊന്നതായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേസ് എവിടെയുമെത്തിയിട്ടില്ല. കേസ് അനങ്ങൂല്ല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വേറൊരു വിഷയമാണ്," അന്‍വർ വെളിപ്പെടുത്തി. ഇതേ തുടർന്നാണ് മാമിയുടെ കുടുംബം ആരോപണവുമായി മുന്നോട്ടുവന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com