മാമി തിരോധാനം: 'പൊലീസ് വേട്ടയാടുന്നു‌'; ജീവിക്കാൻ സാധികാത്ത രീതിയിൽ ഉപദ്രവിക്കുന്നുവെന്ന് ഡ്രൈവർ രജിത് കുമാർ

ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടതിന് പിന്നാലെ രജിത് കുമാറും ഭാര്യയും ഒളിവില്‍ പോയിരുന്നു
മാമി തിരോധാനം: 'പൊലീസ് വേട്ടയാടുന്നു‌'; ജീവിക്കാൻ സാധികാത്ത രീതിയിൽ  ഉപദ്രവിക്കുന്നുവെന്ന് ഡ്രൈവർ രജിത് കുമാർ
Published on

പൊലീസ് വേട്ടയാടുന്നതായി ദുരൂഹ സാഹചര്യത്തിൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യവസായി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത് കുമാർ. മാമിയെ കാണാതായ അന്ന് മുതൽ തന്നെയും കുടുംബത്തെയും പൊലീസ് വേട്ടയാടുന്നു‌വെന്നാണ് രജിത് കുമാറിന്റെ ആരോപണം. ജീവിക്കാൻ സാധിക്കാത്ത രീതിയിൽ ഉപദ്രവിക്കുന്നുവെന്നും രജിത് മാധ്യമങ്ങളോട് പറഞ്ഞു. കാണാതാകും മുൻപ് മാമി ‌അവസാനമായി സംസാരിച്ചവരിൽ ഒരാൾ രജിത് കുമാർ ആയിരുന്നു.


"ജോലിക്ക് പോവാൻ പറ്റുന്നില്ല. ആരെയും വിളിക്കാൻ പോലും പറ്റുന്നില്ല. ഇതിലും നല്ലത് ജീവിക്കാത്തതാണ്. കോടതിൽ നിന്ന് മെമ്മോ കിട്ടിയിട്ടും വിളിപ്പിക്കുന്നു. മതിൽ ചാടി കടന്നും പൊലീസ് സംഘം വീട്ടിൽ കയറി", രജിത് കുമാ‍ർ പറഞ്ഞു. ഭാര്യയുടെയും തന്റെയും ഫോണും കാറും പിടിച്ചെടുത്തതായും രജിത് ആരോപിച്ചു. കാണാതാവുമ്പോൾ വലിയ ഇടപാടുകളുടെ ഭാഗമായിരുന്നു മാമി.  ഐഎംഎയുടെ ഇടപാട് ആ സമയത്ത് നടന്നതാണെന്നും രജിത് കുമാർ കൂട്ടിച്ചേർത്തു.


അറിയാത്ത കാര്യങ്ങളാണ് പൊലീസ് ചോദിക്കുന്നതെന്ന് രജിത്തിൻ്റെ ഭാര്യ തുഷാരയും പറഞ്ഞു. ക്രൈം ബ്രാഞ്ച് മോശം ഭാഷയാണ് ഉപയോഗിക്കുന്നത്. മാമിയുടെ കുടുംബം അന്ന് തന്നെ പരാതി നൽകിയതിൽ അസ്വാഭാവികതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കാണാതായ ദിവസം 6.30ന് മാമി പള്ളിയിൽ പോകുന്നത് കണ്ടിരുന്നതായി രജിത് കുമാർ പറഞ്ഞു. ഉച്ചയ്ക്ക് 2.30 ന് മാമി തന്നെ വിളിച്ചിട്ടുണ്ട്. അന്നു വൈകിട്ട് തന്നെ കുടുംബം പൊലീസിൽ പരാതി നൽകി. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും രജിത് പറഞ്ഞു. മാമിയെ കണ്ടെത്താനുള്ള ഗോൾഡൻ സമയം പൊലീസ് നഷ്ടപ്പെടുത്തി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല. സിബിഐ അന്വേഷണം വേണമെന്നും രജിത് ആവശ്യപ്പെട്ടു.

ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടതിന് പിന്നാലെ രജിത് കുമാറും ഭാര്യയും ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും  ഗുരുവായൂരിലെ ലോഡ്ജിൽ നിന്നും പൊലീസ് കണ്ടെത്തിയത്.  കാണാതായതിനു പിന്നാലെ അന്വേഷണത്തിന്റെ പേരിൽ ഇവരെ ക്രൈംബ്രാഞ്ച് നിരന്തരം പീഡിപ്പിച്ചുവെന്ന ആരോപണവുമായി കുടുംബവും എത്തിയിരുന്നു. 

2023 ഓഗസ്റ്റ് 22 നാണ് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ്‌ ആട്ടൂരിനെ (മാമി) കാണാതാകുന്നത്. വിവിധയിടങ്ങളിലായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും മാമിയെ കണ്ടെത്താനായില്ല. ഒൻപത് മാസത്തോളം അന്വേഷിച്ചിട്ടും കേസിൽ പുരോഗതിയില്ലെന്ന് കണ്ടതോടെ മാമിയുടെ തിരോധാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കാണാതാവും മുന്‍പ് സംസാരിച്ചവരില്‍ ഒരാളെന്ന നിലയില്‍ രജിത് കുമാറിനെ ലോക്കല്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും ക്രൈം ബ്രാഞ്ചും നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com