
പിറന്നാൾ ദിനത്തിൽ കസവ് മുണ്ടും ബ്ലാക്ക് പ്രിൻ്റഡ് ഷർട്ടുമണിഞ്ഞ് എയർ പോർട്ടിൽ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോയും വൈറലാണ്. ഓണം പ്രമാണിച്ച് കസവു കരയുള്ള വെള്ള മുണ്ടും കറുപ്പിൽ വെള്ള പൂക്കളുടെ പ്രിൻ്റുള്ള ഫുൾ സ്ലീവ് ഷർട്ടുമാണ് നടൻ്റെ വേഷം.
മാധ്യമ പ്രവർത്തകരുടെ പിറന്നാൾ ആശംസകൾക്ക് കേട്ട് മമ്മൂട്ടി ദൂരെ നിന്നും കൈവീശി കാണിക്കുന്നതും, എല്ലാവർക്കും ചെറു പുഞ്ചിരി സമ്മാനിച്ച് നടന്നകലുന്നതും വീഡിയോയിൽ കാണാം.
ശനിയാഴ്ച പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച 'ബസൂക്ക'യുടെ പോസ്റ്റർ ഇതിനോടകം വൈറലായിട്ടുണ്ട്. ബസൂക്ക ഉടൻ തിയേറ്ററുകളിലേക്ക് എന്നാണ് മമ്മൂട്ടി പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെയെത്തി മലയാളത്തിൻ്റെ അഭിനയ ചക്രവർത്തിക്ക് ആശംസകൾ നേരുന്നത്.
മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നിസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിൻ്റെ ടീസർ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സരിഗമ ഇന്ത്യ ലിമിറ്റഡ്, തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്.
മാസ് സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് ടീസറില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. ആക്ഷന്‍ ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കും ബസൂക്ക എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നടനും സംവിധായകനുമായ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.