സിനിമാ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ആ ഹൃദയത്തിലൊരിടം കിട്ടിയത്: മമ്മൂട്ടി

ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു...
സിനിമാ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ആ ഹൃദയത്തിലൊരിടം കിട്ടിയത്: മമ്മൂട്ടി
Published on

മലയാളത്തിന്റെ പ്രിയ കഥാകാരനെ അനുസ്മരിച്ച് മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പാണ് മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സിനിമാ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് എംടിയുടെ ഹൃദയത്തില്‍ ഒരിടം ലഭിച്ചതെന്ന് മമ്മൂട്ടി കുറിച്ചു.

എംടിയെ കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി... മമ്മൂട്ടിയുടെ വാക്കുകള്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com