
അര്‍ജുന്‍ റെഡ്ഡി, അനിമല്‍ എന്നീ സിനിമകള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രഭാസ് നായകനായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. സിനിമയുടെ നിര്‍മാതാക്കള്‍ ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും വിവരങ്ങള്‍ പുറത്തുവിടുന്നതായിരിക്കും.
നിലവില്‍ പ്രഭാസ് ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടക്കുകയാണെന്നാണ് സൂചന. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്പിരിറ്റ് ഒരു പൊലീസ് ഡ്രാമയാണ്. പ്രഭാസ് ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുക. ഭൂഷന്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
ഹൈദരാബാദിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നടക്കുക. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. 2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.