നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോൺ പിടികൂടി; വിഴിഞ്ഞം സ്വദേശിയായ യുവാവ് അറസ്റ്റിൽ

നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോൺ പിടികൂടി; വിഴിഞ്ഞം സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഗൾഫിലുള്ള സഹോദരൻ മുഖാന്തരമാണ് ഫോൺ ലഭിച്ചതെന്നാണ് യുവാവിന്റെ മൊഴി
Published on


തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും രാജ്യത്ത് നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോൺ പിടികൂടി. വിഴിഞ്ഞം സ്വദേശിയായ യുവാവിൻ്റെ കയ്യിൽ നിന്നാണ് ഫോൺ പിടികൂടിയത്. ഫോൺ ലഭിച്ചതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് വിഭാഗത്തിന് കൈമാറും.

കഴിഞ്ഞദിവസം രാത്രിയാണ് ഫോൺ കസ്റ്റഡിയിൽ എടുത്തത്. യുവാവ് ഫോൺ ഓൺ ചെയ്ത ഉടൻ തന്നെ രഹസ്യ അന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. പിന്നാലെ ഇവർ വിഴിഞ്ഞം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിന് മുൻപായി ഇയാളെ രഹസ്യ അന്വേഷണ വിഭാഗം ചോദ്യം ചെയ്തിരുന്നു.

നിരോധിക്കപ്പെട്ട സാറ്റലൈറ്റ് മൊബൈൽ ഫോണായ തുറയ ഫോണാണ് പൊലീസ് പിടികൂടിയത്. ഗൾഫിലുള്ള സഹോദരൻ മുഖാന്തരമാണ് ഫോൺ ലഭിച്ചതെന്നാണ് യുവാവിന്റെ മൊഴി. വിശദ പരിശോധനയ്ക്ക് ഫോൺ ഫോറൻസ് ഭാഗത്തിന് കൈമാറും.


ഇന്ത്യൻ വയർലെസ് ടെലിഗ്രഫി നിയമപ്രകാരം സാറ്റലൈറ്റ് ഫോണുകൾ അനുമതിയില്ലാതെ ഇന്ത്യയിൽ ഉപയോഗിക്കാൻ പാടില്ല. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഫോൺ ഉപയോഗം വിലക്കിയിരിക്കുന്നത്. രാജ്യത്തേക്ക് വരുന്ന സന്ദർശകർ പോലും അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ കൊണ്ടുപോകരുതെന്ന് നിയമം പ്രത്യേകം നിർദേശിക്കുന്നു.

സാധാരണ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി കണക്‌ടിവിറ്റിക്കായി സാറ്റലൈറ്റ്കളെ ആശ്രയിക്കുന്നു എന്നതാണ് സാറ്റലൈറ്റ് ഫോണുകളുടെ പ്രത്യേകത. അതിനാൽ ഈ ഫോൺ ഉപയോഗിച്ച് സെൽ ഫോൺ ടവറുകളില്ലാതെ തന്നെ ബന്ധപ്പെടാൻ സാധിക്കും. സാധാരണയായി സെൽ ഫോൺ ടവറുകൾ ഇല്ലാത്ത വിദൂര പ്രദേശങ്ങളിലാണ് സാറ്റലൈറ്റ് ഫോണുകൾ പ്രവർത്തിക്കുന്നത്.

ALSO READ: കരുനാഗപ്പള്ളിയിലേത് പ്രാദേശിക പ്രശ്നം മാത്രം, പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചു, മാധ്യമങ്ങൾക്ക് സിപിഎം വിരുദ്ധ ഭാഷ: എം.വി. ഗോവിന്ദൻ

2008 നവംബറിൽ മുംബൈയിൽ ആക്രമണം നടത്തിയ പാകിസ്ഥാൻ ഭീകരർ, ലഷ്‌കർ-ഇ-യ്ബ ഹാൻഡ്‌ലർമാരുമായി സമ്പർക്കം പുലർത്താൻ ഇത്തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ ഫോണുകൾ കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയത്.

News Malayalam 24x7
newsmalayalam.com