38 തവണ പാമ്പ് കടിയേറ്റ് മരിച്ചു, നഷ്ടപരിഹാരമായി വാങ്ങിയത് 11 കോടി രൂപ! മധ്യപ്രദേശില്‍ പുതിയ അഴിമതി ആരോപണം

47 പേര്‍ പലതവണ പാമ്പ് കടിയേറ്റ് മരിച്ചെന്നും ഇതിന്റെ പേരില്‍ 11.26 കോടി രൂപ സാമ്പത്തിക സഹായം നല്‍കിയെന്നുമാണ് ആരോപണം
38 തവണ പാമ്പ് കടിയേറ്റ് മരിച്ചു, നഷ്ടപരിഹാരമായി വാങ്ങിയത് 11 കോടി രൂപ! മധ്യപ്രദേശില്‍ പുതിയ അഴിമതി ആരോപണം
Published on

മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജിതു പട്വാരി. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നേതൃത്വത്തില്‍ പതിനൊന്ന് കോടിയുടെ അഴിമതി നടന്നുവെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോപണം. പാമ്പ് കടിയേറ്റ് മരിച്ചാല്‍ ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ പേരില്‍ തട്ടിപ്പ് നടന്നുവെന്നാണ് ആരോപിക്കുന്നത്.

38 തവണ പാമ്പ് കടിയേറ്റ് മരിച്ചതായി കാണിച്ച് ഒരാളുടെ പേരില്‍ പല തവണ നഷ്ടപരിഹാരത്തുക പിന്‍വലിച്ചുവെന്നാണ് ജിതു പട്വാരിയുടെ ആരോപണം. ഇത്തരത്തില്‍ മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ മാത്രം 11 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നത്. ആദ്യമായാണ് പാമ്പ് കടിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതായി കേള്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു.

പലതരത്തിലുള്ള അഴിമതികളെയും സാമ്പത്തിക തട്ടിപ്പിനേയും കുറിച്ച് കേട്ടിട്ടുണ്ട്, പക്ഷെ, പാമ്പ് കടിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നത് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നേതൃത്വത്തില്‍ മാത്രമായിരിക്കുമെന്നാണ് ജിതു പട്വാരിയുടെ പരിഹാസം. സിയോണി ജില്ലയില്‍ ഒരാള്‍ 38 തവണ പാമ്പ് കടിയേറ്റ് മരിച്ചതായി കാണിച്ച് ഓരോ തവണയും 4 ലക്ഷം രൂപ വീതം വാങ്ങിയെന്നാണ് ജിതുവിന്റെ ആരോപണം. പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപയാണ് മധ്യപ്രദേശില്‍ നഷ്ടപരിഹാര തുക.  പാമ്പ് കടിയുടെ പേരില്‍ 11 കോടി രൂപയാണ് ഒരു ജില്ലയില്‍ മാത്രം ഖജനാവില്‍ നിന്നെടുത്തത്. സാമ്പത്തിക സ്രോതസ്സുകള്‍ കൊള്ളയടിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് ഇതെന്നും ജിതു പറഞ്ഞു.



സിയോണി ജില്ലയില്‍ മാത്രം 47 പേര്‍ പലതവണ പാമ്പ് കടിയേറ്റ് മരിച്ചെന്നും ഇതിന്റെ പേരില്‍ 11.26 കോടി രൂപ സാമ്പത്തിക സഹായം നല്‍കിയെന്നുമാണ് ആരോപണം. വ്യാജ മരണ പട്ടികയില്‍ ഒരാളുടെ പേര് 30 തവണയും മറ്റൊരാളുടെ പേര് 19 തവണയും വിവിധ രേഖകളില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ നിരവധി ഉദ്യോഗസ്ഥരാണ് ആരോപണം നേരിടുന്നത്. നിലവില്‍ സാമ്പത്തിക വകുപ്പിന്റെ കീഴിലുള്ള സംഘം അന്വേഷണം നടത്തി വരികയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com