യുവതിയെ കൊന്ന് മജിസ്ട്രേറ്റി‍ന്‍റെ ഓഫീസിന് സമീപം കുഴിച്ചിട്ട് യുവാവ്; ഉത്തർപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകം

പ്രതിയായ ജിം ട്രെയിനർ വിശാൽ സോണിയെ കാൺപൂർ പൊലീസ് അറസ്റ്റു ചെയ്തു
യുവതിയെ കൊന്ന് മജിസ്ട്രേറ്റി‍ന്‍റെ ഓഫീസിന് സമീപം കുഴിച്ചിട്ട് യുവാവ്; ഉത്തർപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകം
Published on



ഉത്തർപ്രദേശിലെ കാൺപൂരിൽ ദൃശ്യം സിനിമയ്ക്ക് സമാനമായ കൊലപാതകം. കാൺപൂർ ജില്ലാ മജിസ്ട്രേറ്റിൻ്റെ ഓഫീസിന് സമീപം യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നാല് മാസങ്ങൾക്ക് ശേഷമാണ് 32 വയസുകാരി ഏകതാ ഗുപ്തയുടെ മൃതദേഹം കണ്ടെടുത്തത്. പ്രതിയായ ജിം ട്രെയിനർ വിശാൽ സോണിയെ കാൺപൂർ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ജൂൺ 24നാണ് യുവതിയെ കാണാതാവുന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണം ഗ്രീൻ പാർക്ക് ഏരിയയിലെ ജിം പരിശീലകനായ വിമൽ സോണിയിലേക്ക് എത്തി. വിമൽ സോണി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ തന്നെ ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു. പുനെ, ആഗ്ര, പഞ്ചാബ് എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

യുവതിയുടെ മൃതദേഹം ലഭിക്കാഞ്ഞത് കേസിൽ വലിയ തലവേദനയായി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ കൺപൂർ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് സമീപം സർക്കാർ ഉദ്യോഗസ്ഥരുടെ വസതികൾ നിർമിക്കാൻ അനുവദിച്ച സ്ഥലത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയതായി പ്രതി സമ്മതിക്കുകയായിരുന്നു.

ജിം ട്രെയിനറും യുവതിയും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും ഇയാൾക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതിൽ യുവതി അസ്വസ്ഥയായിരുന്നുവെന്നും നോർത്ത് കാൺപൂർ ഡിസിപി ശ്രാവൺ കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യം നടന്ന ദിവസം യുവതി ജിമ്മിൽ എത്തിയിരുന്നു. തുടർന്ന് ഇരുവരും സംസാരിക്കാനായി കാറിൽ കയറി. വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിനിടെ പ്രതി ഏകതയുടെ കഴുത്തിൽ അടിച്ചു. ബോധരഹിതയായ യുവതിയെ ഇയാൾ പിന്നീട് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ കോട്‌വാലി ജില്ലാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കേസിൽ സാധ്യമായ എല്ലാ കോണുകളും അന്വേഷിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com