'നിയമം പുരുഷന്മാരെ സംരക്ഷിക്കണം'; യുപിയില്‍ ഭാര്യയെ കുറ്റപ്പെടുത്തി വീഡിയോ എടുത്ത ശേഷം യുവാവ് ജീവനൊടുക്കി

വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാനവ് തന്നെ നിരന്തരമായി ഉപ​ദ്രവിക്കാറുണ്ടായിരുന്നു എന്ന് ആരോപിച്ച് ഭാര്യയും രം​ഗത്തെത്തി
'നിയമം പുരുഷന്മാരെ സംരക്ഷിക്കണം'; യുപിയില്‍ ഭാര്യയെ കുറ്റപ്പെടുത്തി വീഡിയോ എടുത്ത ശേഷം യുവാവ് ജീവനൊടുക്കി
Published on

ഉത്തർപ്രദേശിലെ ആ​ഗ്രയിൽ ഭാര്യയെ കുറ്റപ്പെടുത്തി വീഡിയോ എടുത്ത ശേഷം ഐടി ജീവനക്കാരൻ ജീവനൊടുക്കി. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരനായ മാനവ് ശർമയെ ഫെബ്രുവരി 24നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാനവ് തന്നെ നിരന്തരമായി ഉപ​ദ്രവിക്കാറുണ്ടായിരുന്നു എന്ന് ആരോപിച്ച് ഭാര്യയും രം​ഗത്തെത്തി.



മാനവ് മരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം മാനവിന്റെ സഹോ​ദരിയാണ് ഫോണിലെ വീഡിയോ കണ്ടെത്തിയത്. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി പ്രണയബന്ധമുണ്ടെന്നാണ് ഏഴ് മിനിറ്റിനടുത്തുള്ള വീഡിയോയിൽ മാനവ് ആരോപിക്കുന്നത്. കഴുത്തിൽ കുടുക്കുമിട്ടുകൊണ്ടാണ് ഇയാൾ വീഡിയോ റെക്കോഡ് ചെയ്തത്. ഒരു വർഷം മുൻപാണ് മാനവ് വിവാഹിതനായത്.

"നിയമം പുരുഷന്മാരെ സംരക്ഷിക്കണം. അല്ലാത്തപക്ഷം കുറ്റപ്പെടുത്താൻ ഒരു പുരുഷൻ പോലും അവശേഷിക്കാത്ത സമയം വരും. എന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ട്. പക്ഷേ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും? അതിലൊന്നും ഇനി കാര്യമില്ല, മരിക്കുന്നതിൽ എനിക്ക് പ്രശ്നങ്ങളില്ല. എനിക്ക് പോകണം. ദയവായി പുരുഷന്മാരെപ്പറ്റി ചിന്തിക്കൂ. എന്നോട് എല്ലാവരും ക്ഷമിക്കണം", മാനവ് വീഡിയോയിൽ പറയുന്നു. ഇതിന് മുൻപ് ജീവനോടുക്കാൻ ശ്രമിച്ചിരുന്നതായും മാനവ് വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാനവ് തന്നെ നിരന്തരം അടിക്കാറുണ്ടായിരുന്നുവെന്ന ആരോപണവുമായി ഭാര്യ നികിത രം​ഗത്തെത്തി. വീഡിയോ സന്ദേശത്തിലൂടെയാണ് നികിത ഇക്കാര്യം വ്യക്തമാക്കിയത്. കല്ല്യാണത്തിന് മുൻപ് നടന്ന കാര്യങ്ങളാണ് വിഡിയോയിൽ മാനവ് പറയുന്നതെന്നും വിവാഹത്തിനു ശേഷം അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും നികിത വ്യക്തമാക്കി. മരിക്കുന്നതിനു മുൻപ് മാനവ് തന്നെ തന്റെ അമ്മവീട്ടിൽ കൊണ്ട് ആക്കിയെന്നും ഇയാൾക്ക് സ്വയം ജീവൻ എടുക്കാനുള്ള പ്രവണതയുള്ളതായി വീട്ടുകാരെ അറിയിച്ചിരുന്നതായും നികിത വീഡിയോയിൽ പറയുന്നു. നികിതയ്‌ക്കെതിരെ പരാതി ലഭിച്ചതായി പൊലീസും അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com