
വാഹനത്തിൻ്റെ ഓട്ടോമാറ്റിക് ഡോറുകളിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബെംഗളൂരുവിൽ ബസ് കണ്ടക്ടറെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. കുത്തേറ്റ യോഗേഷ് എന്ന ബസ് കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബിഎംടിസി) അറിയിച്ചു.
ഇന്നലെ വൈകിട്ട് ഐടിപിഎൽ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഫുട്‌ബോർഡിൽ നിന്ന് മാറി നിൽക്കാൻ യോഗേഷ് പ്രതിയായ ഹർഷിനോട് ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഹർഷ് സിൻഹ തൻ്റെ ബാഗിൽ നിന്ന് കത്തി പുറത്തെടുത്ത് ബസ് കണ്ടക്ടറെ കുത്തുകയായിരുന്നു.
യോഗേഷിനെ പ്രതിയായ ഹർഷ് സിൻഹ ആക്രമിക്കുന്നതിൻ്റേയും മറ്റ് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ആക്രമണത്തെ തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ ബസിന് പുറത്തേക്ക് ഓടുന്നതും ഹർഷ് സിൻഹ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ബസ് ഡ്രൈവർ സിദ്ധലിംഗസ്വാമി വാതിൽ പൂട്ടി പുറത്തേക്ക് ചാടിയതോടെ ഹർഷ് അകത്ത് കുടുങ്ങുകയും പിന്നീട് രക്ഷപെടാൻ ബസിൻ്റെ വാതിലുകളും ജനലുകളും തകർക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതി ബസിനുള്ളിൽ കുടുങ്ങിയതോടെ ഡ്രൈവറും യാത്രക്കാരും ചേർന്ന് പൊലീസിനെ വിളിക്കുകയും അക്രമിയെ പിടികൂടുകയുമായിരുന്നു.
ജാർഖണ്ഡ് സ്വദേശിയായ ഹർഷ് സിൻഹയെ അടുത്തിടെ ഒരു ബിപിഒ സ്ഥാപനം ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ജോലി നഷ്‌ടപ്പെട്ടതിൽ നിരാശനായിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കൊലപാതക ശ്രമത്തിന് ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.