"മൃദംഗവിഷന് കൊള്ളലാഭമുണ്ടാക്കാൻ ജിസിഡിഎ ചെയർമാൻ കൂട്ടുനിന്നു"; വിജിലൻസിൽ പരാതി നൽകിയ ചെഷയർ ന്യൂസ് മലയാളത്തോട്

ചെയർമാൻ ഇല്ലാത്ത അധികാരം ദുർവിനിയോഗം ചെയ്തെന്നും ചെഷയർ ടാർസൺ ആരോപിച്ചു
"മൃദംഗവിഷന് കൊള്ളലാഭമുണ്ടാക്കാൻ ജിസിഡിഎ ചെയർമാൻ കൂട്ടുനിന്നു"; വിജിലൻസിൽ പരാതി നൽകിയ ചെഷയർ ന്യൂസ് മലയാളത്തോട്
Published on


കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ ജിസിഡിഎയ്ക്കെതിരെ വിജിലൻസിൽ പരാതി നൽകിയ ചെഷയർ ടാർസൺ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. പരിപാടിയിലൂടെ മൃദംഗവിഷന് കൊള്ളലാഭം ഉണ്ടാക്കാൻ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപ്പിള്ള കൂട്ടുനിന്നുവെന്നാണ് ചെഷയർ ടാർസൺ ന്യൂസ് മലയാളത്തോട് പറഞ്ഞത്. തട്ടിപ്പിൽ പങ്കില്ലെന്ന് പറയുന്നത് ചെയർമാൻ്റെ സ്ഥിരം പല്ലവിയാണ്. ചെയർമാൻ ഇല്ലാത്ത അധികാരം ദുർവിനിയോഗം ചെയ്തെന്നും ചെഷയർ ടാർസൺ ആരോപിച്ചു.


ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപ്പിള്ളക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ചെഷയർ ഉയർത്തിയത്. പരിപാടിക്കുള്ള വാടകയും ഡിപ്പോസിറ്റും തീരുമാനിക്കേണ്ടത് ജനറൽ കൗൺസിലാണ്. ചെയർമാൻ്റെ തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ചെയർമാൻ്റെ മൗനമാണ് സാമ്പത്തിക അഴിമതിയെന്നും ഇയാൾ പറഞ്ഞു.

വാടകയുമായി ബന്ധപ്പെട്ട വിവാദത്തിലും ചെഷയർ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരിക്കുന്നത് ഒരു ദിവസത്തേക്കല്ലെന്നാണ് ചെഷയർ പറയുന്നത്. തൻ്റെ പരാതിയിൽ കഴമ്പുള്ളത് കൊണ്ടാണ് സൈറ്റ് എൻജിനീയറെ സസ്പെൻഡ് ചെയ്തത്. പരാതി വിജിലൻസിലെത്തുന്നത് വരെ നടപടി സ്വീകരിക്കാൻ ചെയർമാൻ തയ്യാറായില്ലെന്നും ചെഷയർ ആരോപിച്ചു.

മേയർക്കെതിരെയും പരാതിക്കാരൻ ആരോപണങ്ങളുന്നയിച്ചു. പരിപാടിയെ കുറിച്ച് അറിയില്ലെന്ന് മേയർ പറയുന്നത് നുണയാണെന്നാണ് ചെഷയറിൻ്റെ പക്ഷം. എന്തുകൊണ്ട് റവന്യു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തില്ലെന്ന് ഇയാൾ ചോദിക്കുന്നു. മേയർക്ക് മേൽ സമ്മർദമുണ്ട്. റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്താൽ സത്യം പുറത്തുവരും. വിനോദ നികുതി നഷ്ടപ്പെട്ടതിൽ എന്തു കൊണ്ട് ഇത് വരെ നോട്ടീസ് കൊടുത്തില്ലെന്നും ചെഷയർ ചോദിച്ചു.


അതേസമയം എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് കലൂർ സ്റ്റേഡിയം മൃദംഗനാദം പരിപാടിക്ക് വിട്ടുനൽകിയതെന്ന ആരോപണത്തില്‍, കമ്മിറ്റിയുടെ തീരുമാനം അന്തിമമല്ലെന്നായിരുന്നു ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപ്പിള്ളയുടെ പ്രതികരണം. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും വീഴ്ച ആരുടേതെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും ചന്ദ്രൻപ്പിള്ള അറിയിച്ചു. കലൂർ സ്റ്റേഡിയത്തിന്റെ വാടക നിശ്ചയിച്ചത് ചർച്ചയ്ക്ക് ശേഷമാണെന്നും ചെയർമാൻ വ്യക്തമാക്കി.

എന്നാൽ, ജിസിഡിഎയെ ന്യായീകരിക്കാതെയാണ് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ സംസാരിച്ചത്. സംഘാടനത്തിൽ പിഴവുണ്ടെന്ന് മേയർ ആവർത്തിച്ചു. വീഴ്ച സംഭവിച്ചത് ആർക്കെന്ന് അന്വേഷിക്കട്ടെ. വിജിലൻസ് അന്വേഷണം സർക്കാർ തീരുമാനിക്കട്ടെയെന്നും മേയർ പറഞ്ഞു. പരിപാടിക്ക് അനുമതി കൊടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ താൻ പങ്കെടുത്തില്ലെന്നും കൊച്ചി മേയർ പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നാണ് പരിപാടിക്ക് അനുമതി നൽകിയതെന്ന് ജിസിഡിഎ ചെയർമാൻ പറഞ്ഞിരുന്നു.

കൊച്ചി കലൂര്‍ സ്റ്റേഡിയം മൃദംഗനാദം നൃത്ത പരിപാടിക്കായി വിട്ടു നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണ് എന്നാണ് ചെഷയർ വിജിലൻസിൽ നൽകിയ പരാതി. സ്റ്റേഡിയം വിട്ടു നല്‍കുന്നതില്‍ ഗൂഢാലോചനയും തട്ടിപ്പും നടന്നിട്ടുണ്ട്. എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സ്റ്റേഡിയം അനുവദിച്ചത്. ചെയര്‍മാന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഇതെന്നും പരാതിക്കാരന്‍ പറയുന്നു.


എസ്റ്റേറ്റ് വിഭാഗം സ്റ്റേഡിയം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മാനദണ്ഡത്തില്‍ സംരക്ഷിക്കുന്ന സ്റ്റേഡിയം നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ നോട്ട് എഴുതിയിരുന്നു. ഇത് മറികടന്നാണ് സ്റ്റേഡിയം നല്‍കാന്‍ ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പ്പിള്ളയുടെ ഉത്തരവെന്നുമാണ് പരാതി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com